മിതാലി രാജിന് വാഗ്ദാനം ചെയ്ത ഒരുകോടി രൂപ കൈമാറി

ഹൈദരാബാദ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന് വാഗ്ദാനം ചെയ്ത ഒരുകോടി രൂപയും സ്ഥലവും തെലങ്കാന സര്‍ക്കാര്‍ കൈമാറി. സംസ്ഥാന കായിക മന്ത്രി ടി പത്മറാവുവാണ് പാരിതോഷിക തുക കൈമാറിയത്.

കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് 2017 ലോകകപ്പിലെ മികച്ച പ്രകടനത്തിന് മിതാലിക്ക് സ്ഥലവും ഒരുകോടിയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മിതാലിയോടൊപ്പം പരിശീലകന്‍ ആര്‍എസ്ആര്‍ മൂര്‍ത്തിക്ക് 25 ലക്ഷം രൂപയുടെ ചെക്കും ചടങ്ങില്‍വെച്ച് കൈമാറി.

വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലഡിനോട് തോറ്റെങ്കിലും ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് മിതാലിയും കൂട്ടരും പുറത്തെടുത്തത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വ്യക്തിയാണ് ഹൈദരാബാദ് സ്വദേശിയായ മിതാലിരാജ്. ഏകദിനത്തില്‍ 6000 റണ്‍സ് തികച്ച ഏക വനിതാ ക്രിക്കറ്ററും കൂടിയാണ് ഈ മുപ്പത്തഞ്ചുകാരി.

KCN