ദലിത് – മറാത്ത സംഘര്‍ഷം: മഹാരാഷ്ട്രയില്‍ ഒരു മരണം

പുനെ: മഹാരാഷ്ട്രയിലെ പുനെയില്‍ ദലിത് റാലിക്ക് നേരെയുണ്ടായ ആക്രമത്തിന് തുടര്‍ച്ചയായി സംഘര്‍ഷം കനക്കുന്നു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദലിത്ഫമറാത്ത വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. നൂറിലധികം വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തു. അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ നാളെ സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചു. സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉത്തരവിട്ടിട്ടുണ്ട്. ഹൈകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണത്തിനാണ് സര്‍കാര്‍ ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം പുനെയിലെ ഭീമ കൊറിഗോണ്‍ ഗ്രാമത്തില്‍ കൊറെഗോണ്‍ യുദ്ധത്തിന്‍െ 200ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യുദ്ധ സ്മാരകത്തിനടുത്തേക്ക് പോവുകയായിരുന്ന ദലിതര്‍ക്ക് നേരെ സവര്‍ണ വിഭാഗം ആക്രമം അഴിച്ചുവിടുകയായിരുന്നു. കാവിക്കൊടിയേന്തിവന്ന ഇവര്‍ റാലിക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. 28 വയസ്സുകാരനായ രാഹുല്‍ ഫതങ്കലെയാണ് ഇതില്‍ കൊല്ലപ്പെട്ടത്. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1818 ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ചേര്‍ന്ന് ദലിത് പോരാളികള്‍ സവര്‍ണ്ണ ജാതിയിലുള്ള പെശവ വിഭാഗത്തിനെതിരെ പൊരുതുകയും അവരെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ആ ദിവസമാണ് വിജയ ദിവസമെന്ന പേരില്‍ ദലിതര്‍ വര്‍ഷാവര്‍ഷം ആഘോഷിക്കുന്നത്. വിജയ ദിവസിന്റെ 200ാം വാര്‍ഷിക ദിനമായിരുന്നു ഒരാളുടെ മരണത്തിനിടയാക്കിയ ആക്രമണം. വധു ബദ്രക് ഗ്രാമത്തിലുള്ളവരാണ് ആക്രമിച്ചതെന്നും സനസ്വദി, ശികര്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സമാന രീതിയില്‍ ദലിതര്‍ക്ക് നേരെ ആക്രമണമുണ്ടായെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദലിത് ഗ്രൂപ്പ് മുംബൈയിലെ ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ ഉപരോധിക്കുകയും ഏറെ നേരം ട്രാഫിക് തടസ്സപ്പെടുകയും ചെയ്തു.

KCN

more recommended stories