കാശ്മീരില്‍ പാക് വെടിവെപ്പ്: ജന്മദിനത്തില്‍ ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന് സ്വന്തം ജന്മദിനത്തില്‍ വീരമൃത്യു. ബുധനാഴ്ച വൈകുന്നേരം സാംബ സെക്ടറില്‍ ചക് ദുല്‍മ് പോസ്റ്റിലാണ് വെടിവയ്പ്പുണ്ടായത്.

173ാം ബി.എസ്.എഫ് ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആര്‍.പി. ഹസ്ര (51)യാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയാണ്. ജന്മദിനമായ ബുധനാഴ്ച തന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ബി.എസ്.എഫ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കാശ്മീരിലെ നിയന്ത്രണ രേഖയില്‍ 882 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ചിട്ടുണ്ട്. ഇതില്‍ 14 പട്ടാളക്കാര്‍, 12 സാധാരണ പൗരന്‍മാര്‍, നാല് ബി.എസ്.എഫ് അംഗങ്ങള്‍ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.

നിയന്ത്രണ രേഖയില്‍ രജൗരിയിലും പൂഞ്ചിലും പാക് സൈന്യം ഏതാനും ദിവസങ്ങളായി ആക്രമണം തുടരുകയാണ്. സാംബ സെക്ടറിലേക്കും ഇപ്പോള്‍ പാക് സൈന്യം ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്.

KCN