അന്ധത മാറ്റാന്‍ ലോകത്തെ ഏറ്റവും വിലകൂടിയ മരുന്ന്; വില അഞ്ചു കോടി

ന്യൂയോര്‍ക്ക്: അഞ്ചുകോടി രൂപക്ക് അന്ധതമാറ്റാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ കമ്പനി. റെറ്റിനയുടെ നാശംമൂലമുണ്ടാകുന്ന അപൂര്‍വ അന്ധത മാറ്റാനുള്ള മരുന്നാണ് കമ്പനി വികസിപ്പിച്ചെടുത്തത്. ഒറ്റ ഡോസ് കൊണ്ട് രോഗം മാറുമെന്ന് കമ്പനി അവകാശപ്പെടുന്ന മരുന്നിന് വില അഞ്ചു കോടി രൂപയാണ്.

കണ്ണിന്റെ കാഴ്ച പടലമായ റെറ്റിന നശിക്കുന്ന അപൂര്‍വ പാരമ്പര്യ രോഗം തടയാനാണ് ലോകത്ത് ഏററവും വിലകൂടിയ മരുന്ന് നിര്‍മിച്ചിരിക്കുന്നത്. റെറ്റിന നശിച്ച് പൂര്‍ണ്ണ അന്ധതയിലേക്ക് നയിക്കുന്ന രോഗത്തിനെതിരെ ലക്ഷ്വര്‍ന എന്ന മരുന്നാണ് പുറത്തിറക്കിയിരിക്കുന്നത്.

ജീന്‍ തെറാപ്പി വഴിയാണ് മരുന്ന് നിര്‍മിച്ചത്. ഫിലാഡല്‍ഫിയയിലെ സ്പാര്‍ക്ക് തെറാപ്യൂട്ടിക്‌സ് ആണ് നിര്‍മാതാക്കള്‍. മരുന്നിന് ഡിസംബര്‍ പകുതിയോടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി ലഭിച്ചിരുന്നു.

പാരമ്പര്യമായി റെറ്റിന നശിക്കുന്നത് അപൂര്‍വ രോഗമാണ്. രോഗബാധിതര്‍ക്ക് 18 വയസിനു മുമ്പായി തന്നെ കാഴ്ച നഷ്ടമാകാന്‍ തുടങ്ങും. രോഗം അപൂര്‍വമായതിനാല്‍ തന്നെ 50 പേരില്‍ മാത്രമേ മരുന്ന് പരീക്ഷിച്ചിട്ടുള്ളൂ. എന്നാല്‍ ചികിത്‌സാഫലം ജീവിതകാലം മുഴുവന്‍ ലഭിക്കുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

മരുന്നിന് വന്‍ തുക ഈടാക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചതോടെ രോഗം മാറിയില്ലെങ്കില്‍ പണം തിരികെ നല്‍കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. നശിച്ച ജീനുകളെ പുനര്‍നിര്‍മിക്കുന്ന ലക്ഷ്വര്‍ന ജീന്‍ തെറാപ്പി വഴി നിര്‍മിച്ച ആദ്യ അമേരിക്കന്‍ മെഡിസിനാണ്. നിലവില്‍ 1000ഓളം രോഗികളാണ് ഉള്ളത്. വര്‍ഷാവര്‍ഷം 10 മുതല്‍ 20 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് കരുതുന്നത്.

KCN

more recommended stories