കാന്‍കാസ് ബി പോസിറ്റീവ്: ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കാസര്‍കോട്: കാന്‍സര്‍വിമുക്ത ജില്ലയെന്ന സ്വപ്നസമാനമായ ലക്ഷ്യത്തിലേക്ക് ആദ്യചുവടുവച്ചിരിക്കുകയാണ് സംസ്ഥാനത്താദ്യമായി കാസര്‍കോട്. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കാന്‍കാസ് ബി പോസിറ്റീവ് എന്ന പദ്ധതിയിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

കാന്‍കാസിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ജില്ലയിലെ 2.75 ലക്ഷത്തോളം വീടുകളില്‍ നിന്നും ആശ, കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ പ്രത്യേകഫോമില്‍ വിവരശേഖരണം നടത്തും. ജീവിത ശൈലിയുമായി ബന്ധപ്പെട്ട ലളിതമായ വിവരണശേഖരണമാണ് വാര്‍ഡ് തലത്തില്‍ നടത്തുന്നത്. വ്യക്തികളുടെ പേര്, വീട്ടുപേര് എന്നിവ ഇല്ലാതെ വാര്‍ഡ് നമ്പര്‍, വീട് നമ്പര്‍ എന്നിവമാത്രം ഉള്‍പ്പെടുത്തിയാകും ഇത്തരത്തിലുള്ള വിവരശേഖരണം. ഫെബ്രുവരി പത്തിനകം പൂര്‍ത്തിയാക്കുന്ന ആദ്യഘട്ട വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ഘട്ടം ആരംഭിക്കും. ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലെ സര്‍ക്കാര്‍ കോളജുകള്‍, കേന്ദ്രസര്‍വകലാശാല, എല്‍.ബി.എസ് കോളജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരാകും രണ്ടാംഘട്ട വിവരശേഖരണം നടത്തുന്നത്. ഇത് ഫെബ്രുവരി ഇരുപതിനകം പൂര്‍ത്തിയാക്കും. വിവരശേഖരണത്തിലൂടെ ജില്ലയിലെ കാന്‍സര്‍ ബാധിതരുടെ വിവരങ്ങളടങ്ങുന്ന ജില്ലാ രജിസ്റ്റര്‍ തയ്യാറാക്കും.
ഇതിനുമുന്നോടിയായി ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതികളുടെ അധ്യക്ഷന്മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി കാന്‍കാസ് ബി പോസിറ്റീവ് പദ്ധതി പരിചയപ്പെടുത്തലും ബോധവല്‍ക്കരണ ക്ലാസും കളക്ടറേറ്റില്‍ നടത്തി.
പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ആണ്. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, ഏഴ് കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍ കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിന് ഇസിഡിസി(ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍) കേന്ദ്രങ്ങള്‍ ആരംഭിക്കും. കാന്‍സര്‍ ബാധിതരുടെ പാലിയേറ്റീവ് പരിപാലനമുള്‍പ്പെടെയുളള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കാന്‍സര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിനുളള സമ്പൂര്‍ണ്ണ ആക്ഷന്‍ പ്ലാനുകളും പദ്ധതിയുടെ വിവിധ ഘട്ടങ്ങളില്‍ നടപ്പാക്കും.

KCN

more recommended stories