രാത്രി യാത്രക്കാരായ സ്ത്രീകള്‍ക്ക് അവര്‍ പറയുന്ന സ്ഥലത്ത് ബസ് നിര്‍ത്തിക്കൊടുക്കണം

പയ്യോളി: വൈകുന്നേരം 6.30-നും രാവിലെ ആറുമണിക്കും ഇടയില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അവര്‍ പറയുന്ന സ്ഥലത്ത് ബസ് നിര്‍ത്തിക്കൊടുക്കണം. സര്‍ക്കാരിന്റെ ഈ കര്‍ശന നിയമം ഉള്ളപ്പോഴാണ് അര്‍ധരാത്രി രണ്ടുമണിക്ക് പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടിക്ക് കെഎസ്ആര്‍ടിസി മിന്നല്‍ ബസ് നിര്‍ത്തിക്കൊടുക്കാതിരുന്നത്. 2014 ജൂണ്‍ 20-ന് കേരള ഗസറ്റില്‍ അസാധാരണ തീരുമാനമായാണ് ഇതു പ്രസിദ്ധീകരിച്ചത്. നവംബര്‍ നാലിന് 78/2014 ഗവണ്‍മെന്റ് ഓര്‍ഡര്‍ നമ്പറായി ഇത് ഗതാഗതവകുപ്പ് വിജ്ഞാപനം ചെയ്തിട്ടുമുണ്ട്.

2010 ഡിസംബര്‍ 15-ലെ സര്‍ക്കാര്‍ മാന്വല്‍ പ്രകാരം (നമ്പര്‍ 572/10) ഗതാഗതം എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രാത്രി കാലങ്ങളില്‍ ബസ് നിര്‍ത്തിക്കൊടുക്കുന്നത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് വിശദമായ ഉത്തരവ് നല്‍കുന്നുണ്ട്. രാത്രി കാലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അവരെ ഇറക്കിവിടുന്ന സ്ഥലം അപകടരഹിതമാണെന്ന് ഉറപ്പുവരുത്തണമെന്നും അപകട സാധ്യത ഒഴിവാക്കാന്‍ യാത്രക്കാരി ആവശ്യപ്പെടുന്ന പക്ഷം വീടുകളുമായോ ബന്ധുക്കളുമായോ ടെലിഫോണില്‍ ബന്ധപ്പെടാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും പറയുന്നു.

അംഗീകൃത സ്റ്റോപ്പുകള്‍ ഇല്ലെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ ബസ് നിര്‍ത്തിക്കൊടുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ നിയമവും ഉള്ളപ്പോഴാണ് വിദ്യാര്‍ത്ഥിനിയോട് രണ്ടുമണിക്ക് മാവൂര്‍ റോഡില്‍ ഇറങ്ങിക്കോളാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടത്. ഈ നിയമം ഇല്ലാതാക്കിക്കൊണ്ട് മറ്റൊരു നിയമവും സര്‍ക്കാര്‍ പിന്നീട് കൊണ്ടുവന്നിട്ടില്ല.

KCN

more recommended stories