അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യക്ക് നാലാം കിരീടം

വെല്ലിങ്ടണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് നാലാം കിരീടം. ആസ്‌ത്രേലിയ ഉയര്‍ത്തിയ 217 റണ്‍ വിജയലക്ഷ്യം ഇന്ത്യ എട്ടു വിക്കറ്റ് ശേഷിക്കേ മറികടന്നു. സെഞ്ചുറി നേടിയ മന്‍ജോത് കല്‍റയാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. മന്‍ജോത് പുറത്താകാതെ 101 റണ്‍സ് എടുത്തു. കളിയുടെ എല്ലാ മേഖലയിലും സമഗ്രാധിപത്യം സ്ഥാപിച്ചാണ് യുവ ഇന്ത്യ ഓസീസിനെ തറപറ്റിച്ചത്. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍.

ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. പിന്നീട്ഒരു ഘട്ടത്തിലും ഓസീസിന് കളിയിലേക്ക് തിരിച്ചുവരാനായില്ല. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയക്ക് 47.2 ഓവറില്‍ 216 റണ്‍സെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഇടങ്കയ്യന്‍ സ്പിന്നര്‍മാരായ ശിവ സിങ്ങും അനുകുള്‍ റോയുമാണ് ആസ്‌ത്രേലിയയെ കുറഞ്ഞ സ്‌കോറില്‍ തളച്ചത്. ഒരു ഘട്ടത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എന്ന സുരക്ഷിതമായ നിലയിലായിരുന്ന ആസ്‌ത്രേലിയ 33 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തകര്‍ന്നടിയുകയായിരുന്നു. ഓസീസ് നിരയില്‍ അര്‍ധസെഞ്ചുറി നേടിയ ജൊനാഥന്‍ മെര്‍ലോ(76) മാത്രമാണ് പിടിച്ചു നിന്നത്.

ഇതോടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ നാലു തവണ ചാന്പ്യന്‍മാരാകുന്ന ആദ്യ ടീമായി ഇന്ത്യ. ഓസീസ് മൂന്നു കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ എല്ലാ മത്സരങ്ങളും വന്‍മാര്‍ജിനിലാണ് ജയിച്ചത്. രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലുള്ള കൗമാരതാരങ്ങള്‍ ഭാവിയില്‍ സീനിയര്‍ ടീമിന് മുതല്‍ക്കൂട്ടായി വളരുമെന്നാണ് പ്രതീക്ഷ.

KCN

more recommended stories