ക്ഷേത്ര നവീകരണത്തിനിടെ കണ്ടെത്തിയ മുനിയറ വിസ്മയമാകുന്നു

ബങ്കളം: ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ മുനിയറ വിസ്മയമാകുന്നു. തെക്കന്‍ ബങ്കളം ശ്രീ രക്തേശ്വരി ക്ഷേത്ര നവീകരണത്തിനിടയിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുനിയറ കണ്ടെത്തിയത്.

കൊത്തുപണികളുള്ള പ്രവേശന കവാടവും അകത്ത് വിശാലമായ സ്ഥലവും നടുവില്‍ ചെത്തിമിനുക്കിയ തൂണുമാണുള്ളത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുനിമാര്‍ തപസിരുന്ന സ്ഥലമാണിതെന്നാണ് വിശ്വാസം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ നടത്തിയ സ്വര്‍ണ പ്രശ്‌ന ചിന്തയിലാണ് ഈ സ്ഥലം മുമ്പ് യാഗശാലയായിരുന്നുവെന്നും ഇവിടെ ഋഷീശ്വരന്മാര്‍ തപസിരുന്നതായും കണ്ടെത്തിയത്. ഇവിടെ അവസാനമായി തപസിരുന്ന ഋഷിവര്യന്‍ മുനിയറയില്‍ തന്നെ സമാധിയായി എന്നും പ്രശ്‌നചിന്തയില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിസ്മയിപ്പിക്കുന്ന മുനിയറ കണ്ടെത്തിയത്. മുനിയറയിലും പരിസരപ്രദേശങ്ങളില്‍ നിന്നും മണ്ണില്‍ നിര്‍മ്മിച്ച പൂജാപാത്രങ്ങളുടെയും കൂജകളുടെയും അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഇപ്പോഴും ഈ ക്ഷേത്രത്തിന്റെ പരിസരങ്ങളില്‍ നിന്നും ഇത്തരം പൂജാപാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടാറുണ്ട്. മുനിയറ കാണാന്‍ ദിവസേന നിരവധിയാളുകളാണ് ഇവിടേക്ക് എത്തുന്നത്. സമാനരീതിയിലുള്ള നിരവധി ചെറുഗുഹകളും ക്ഷേത്രത്തിന്റെ പരിസരങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍ 20 മുതല്‍ 23 വരെ ക്ഷേത്രത്തില്‍ നടക്കുന്ന നവീകരണ പുനപ്രതിഷ്ഠാ- കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് മുനിയറയും നവീകരിച്ചിട്ടുണ്ട്.

KCN

more recommended stories