പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാഭ്യാസ മേഖലയെ ശുദ്ധീകരിക്കും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസര്‍കോട്: വിദ്യാഭ്യാസ മേഖലയിലെ കമ്പോളല്‍ക്കരണം ഒഴിവാക്കി പൊതുസമൂഹത്തിന് ഉപയുക്തമാകും വിധം മാറ്റിയെടുക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ജില്ലാതല മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു സംസാരിക്കുയായിരുന്നു മന്ത്രി.സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എല്ലാം ചേര്‍ന്ന് വിദ്യാഭ്യാസ മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരുകയാണെങ്കിലും ഇതില്‍ മൂന്നില്‍ രണ്ടുഭാഗവും മാനേജ്മെന്റ് സ്ഥാപനങ്ങള്‍ കൈയടക്കിയത് വിദ്യാഭ്യാസ മേഖലയുടെ സംതുലിതാവസ്ഥ നഷ്ടപ്പെടാനിടയാക്കി. ഇത് വിദ്യാഭ്യാസ കമ്പോളവല്‍ക്കരണം ശക്തിപ്പെടുത്തി. ഇതുവഴിയുണ്ടായ അപചയം നാം വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖല നവീകരണത്തിന്റെ പാതയിലാണ്. പൊതുവിദ്യാഭ്യാസം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഓരോ വിദ്യാലയങ്ങള്‍ വീതം ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത് അവയ്ക്കായി ബജറ്റില്‍ പ്രത്യേകതുക വകയിരുത്തി. 1.25 ലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയത്തിലേക്ക് ഒരു വര്‍ഷത്തിനിടയില്‍ പൊതുവിദ്യാലയങ്ങളിലേക്ക് മാറി ചേര്‍ന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അക്കാദമിക് മാസ്റ്റര്‍പ്ലാനിനൊപ്പം അടിസ്ഥാന വികസന മാസ്റ്റര്‍ പ്ലാനും അനിവാര്യമാണ്. ഇതും രണ്ടും ചേര്‍ന്നാല്‍ മാത്രമേ ഉദ്ദേശലക്ഷ്യം കൈവരിക്കുവെന്നും മന്ത്രി പറഞ്ഞു. മഹാകവി പി.സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയ ഹെടെക് ക്ലാസുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സിഇഒ ഡോ.പി.കെ ജയശ്രീ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ.ഗിരീഷ് ചോലയില്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ വികസന സമിതി അധ്യക്ഷ കെ.സതി, അക്കാദമിക് സമിതി ചെയര്‍മാന്‍ ഡോ.സി ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.പി അബ്ദുള്‍ ഹമീദ് സ്വാഗതവും പ്രിന്‍സിപ്പാള്‍ എം.ജയശ്രീ നന്ദിയും പറഞ്ഞു. നേരത്തെ വെള്ളിക്കോത്ത് വിഷ്ണുഭട്ട് ചിട്ടപ്പെടുത്തിയ സ്വാഗത ഗാനവും ഉണ്ടായിരുന്നു.

KCN

more recommended stories