രാഷ്ട്രീയ പാര്‍ട്ടികളെ വിറപ്പിക്കാന്‍ ജേക്കബ് തോമസ്

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസ് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് അഴിമതിക്കെതിരെ തുറന്ന പോരാട്ടത്തിനിറങ്ങാന്‍ ഒരുങ്ങുന്നതായി സൂചന. സസ്‌പെന്‍ഷനില്‍ കഴിയുന്ന അദ്ദേഹം നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളിയതോടെയാണ് ചട്ടക്കൂട്ടുകളില്‍ നിന്ന് പറന്ന് തുറന്ന ലോകത്തേക്കിറങ്ങാനൊരുങ്ങുന്നത്. ആരെയും പേടിക്കാതെ പറയാനുള്ളത് തുറന്ന് പറഞ്ഞ് അഴിമതിക്കെതിരെ സന്ധിയില്ലാ കുരിശുയുദ്ധമാണ് അദ്ദേഹം ലക്ഷ്യംവയ്ക്കുന്നതെന്ന് അറിയുന്നു. ബ്യൂറോക്രസിയുടെ മുഖം കണ്ടും കൊടുത്തും വളര്‍ന്ന ജേക്കബ് തോമസ് ഒടുവില്‍ മടുത്ത് രാജ്യത്തിന് പുറത്ത് എവിടെയെങ്കിലും ജോലി ചെയ്യാന്‍ അവസരം തരണമെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതും അവസാനത്തെ അഭയം എന്ന രീതിയിലായിരുന്നു.

വിജിലന്‍സ് ഡയറക്ടറായിരുന്ന പത്തുമാസം ജേക്കബ് തോമസ് കൈക്കൊണ്ട തീരുമാനങ്ങളും നിലപാടുകളും പലരെയും ഞെട്ടിക്കുകയും ഉറക്കം കെടുത്തുകയും ചെയ്തിരുന്നു. പക്ഷേ, പാറ്റൂര്‍ ഭൂമിയിടപാടില്‍ അദ്ദേഹത്തിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് അഴിമതിക്കെതിരെയുള്ള പരിപാടിയില്‍ പ്രസംഗിച്ച് പുതിയൊരു വിവാദം സൃഷ്ടിച്ചതാണ് ജേക്കബ് തോമസിന് കുരുക്കായത്. ഓഖി ദുരന്തം വിതച്ച സാഹചര്യത്തെയും അഴിമതിയെയും ചേര്‍ത്ത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9 ന് പ്രസ് ക്‌ളബില്‍ നടന്ന അഴിമതി വിരുദ്ധ ദിനാചരണ പരിപാടിയിലായിരുന്നു ജേക്കബ് തോമസിന്റെ പ്രസംഗം. ഇത് വിവാദമായതോടെ ഐ.എം.ജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തു. ഇതിനുള്ള മറുപടിയായി നല്‍കിയ വിശദീകരണമാണ് തൃപ്തികരമല്ലെന്ന് കണ്ട് സര്‍ക്കാര്‍ തള്ളിയത്.

ജേക്കബ് തോമസിന്റെ പ്രസംഗം ഗുരുതരവും മാപ്പര്‍ഹിക്കാത്ത തെറ്റുമാണെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും സംഭവത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി നല്‍കി. ജേക്കബ് തോമസിനെതിരെ ഇതോടെ കൂടുതല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഉറപ്പായി. ഓഖി ദുരന്തത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നതിനെപ്പറ്റി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനമാക്കിയാണ് താന്‍ നിലപാട് വ്യക്തമാക്കിരുന്നതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനെതിരെയോ, നിയമ സംവിധാനത്തെക്കുറിച്ചോ പ്രസംഗിച്ചിട്ടില്ലെന്നുമാണ് ജേക്കബ് തോമസ് നല്‍കിയ വിശദീകരണം. ക്രമസമാധാനനില തകര്‍ന്നെന്ന രീതിയില്‍ നടത്തിയ പ്രസ്താവന അദ്ദേഹം നിഷേധിച്ചു. എന്ത് അച്ചടക്ക നടപടിയാണ് സര്‍ക്കാര്‍ ഇനി സ്വീകരിക്കുക എന്നതാണ് ജനം ഉറ്റുനോക്കുന്നത്. അതിന് മുമ്ബ് ജേക്കബ് തോമസ് സലാം പറയുമോ എന്നതും കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

KCN

more recommended stories