ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; കിരീടം നിലനിര്‍ത്താന്‍ കേരളം

കോഴിക്കോട്: ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒരിക്കല്‍ക്കൂടി മലബാറിലെത്തുമ്പോള്‍ ആരാധകരുടെമുന്നില്‍ കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍. കഴിഞ്ഞതവണ ചെന്നൈയിലാണ് രതീഷ് നയിച്ച കേരളം ആറാം തവണ കിരീടമുയര്‍ത്തിയത്. കോഴിക്കോട് 2001-ല്‍ ചാമ്പ്യന്‍ഷിപ്പ് നടന്നപ്പോള്‍ കേരളം ജേതാക്കളായിരുന്നു.

ചെന്നൈയില്‍ പരിശീലകനായ അബ്ദുള്‍ നാസറാണ് ഇത്തവണയും ടീമിനെ ഒരുക്കുന്നത്. സഹപരിശീലകനായി കഴിഞ്ഞതവണ ടീമിലുണ്ടായിരുന്ന കിഷോര്‍കുമാറുമുണ്ട്. കഴിഞ്ഞതവണ കളിച്ച ടീമിലെ കിഷോറും രാകേഷും ഒഴികെ മറ്റുള്ളവരെല്ലാം ടീമിലുണ്ട്. 19 അംഗങ്ങളുമായി ടീം ക്യാമ്ബ് കോഴിക്കോട്ട് ആരംഭിച്ചു.

ഇന്ത്യന്‍ ക്യാമ്പിലുള്ള മുത്തുസ്വാമി, ജി.എസ്. അഗിന്‍, പി. രോഹിത്, ജെറോം വിനീത് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് ടീം. ഏറെക്കാലം ഒരുമിച്ചു കളിച്ചവര്‍ ടീമിലുള്ളതിനാല്‍ മികച്ച ഒത്തിണക്കത്തോടെ എതിരാളികളെ നേരിടാനാവുമെന്നാണ് പ്രതീക്ഷ -നാസര്‍ പറയുന്നു.

ആറ് പ്രധാന താരങ്ങള്‍ ബി.പി.സി.എല്ലില്‍നിന്നാണ്. നാലു കെ.എസ്.ഇ.ബി. താരങ്ങളും ക്യാമ്പിലുണ്ട്. 12 അംഗ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കും. പഞ്ചാബ്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്. ആദ്യ മൂന്നുസ്ഥാനക്കാര്‍ അടുത്തവട്ടത്തിലേക്ക് മുന്നേറും. രാജസ്ഥാനുമായാണ് 21-ന് കേരളത്തിന്റെ ആദ്യമത്സരം.

1997-ല്‍ വിശാഖപട്ടണത്ത് ബി. അനിലിന്റെ നേതൃത്വത്തിലുള്ള ടീമാണ് കേരളത്തിനായി കന്നിക്കിരീടമുയര്‍ത്തിയത്. പിന്നീട് 2001-ല്‍ കോഴിക്കോട്ടും 2012-ല്‍ റായ്പുരിലും 2013-ല്‍ ജയ്പുരിലും 2016-ല്‍ ചെന്നൈയിലും കേരളം ജേതാക്കളായി. ഈ മാസം 21 മുതല്‍ 28 വരെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും സ്വപ്നനഗരിയിലെ ട്രേഡ് സെന്ററിലുമായാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

KCN

more recommended stories