കുഴല്‍ക്കിണര്‍ താഴ്ത്താന്‍ കിണറ്റിലിറങ്ങി: രണ്ട് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

ആലപ്പുഴ: കുഴല്‍ക്കിണര്‍ താഴ്ത്താന്‍ കിണറ്റിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴയ്ക്ക് സമീപം മണ്ണഞ്ചേരിയിലാണ് സംഭവം. മുഹമ്മ സ്വദേശി അമല്‍, കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിന്റെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കിണര്‍ വൃത്തിയാക്കി കിണറിനുള്ളില്‍ കുഴല്‍ക്കിണര്‍ താഴ്ത്താനായിരുന്നു തൊഴിലാളികളുടെ ശ്രമം. കുഴല്‍ക്കിണര്‍ താഴ്ത്തുന്നതിനിടെ കിണറ്റിലുണ്ടായിരുന്ന മൂന്നു പേര്‍ കിണറ്റിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ഉടന്‍ കിണറ്റിലിറങ്ങിയ സഹായിയും കുഴഞ്ഞുവീണു.

ബഹളം കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഇതിനിടെ കിണറ്റില്‍ വീണവരെ രക്ഷിക്കാനായി വടം ശരീരത്തില്‍ കെട്ടി കിണറ്റിലിറങ്ങിയ നാട്ടുകാരനായ ഒരാളും കിണറ്റില്‍ കുഴഞ്ഞുവീണു. നാട്ടുകാര്‍ ഇയാളെ ഉടന്‍ വലിച്ചുകയറ്റുകയായിരുന്നു. പിന്നീട് വടം കെട്ടിയിറങ്ങിയാണ് കിണറ്റില്‍ വീണു കിടന്നിരുന്ന നാല്‌പേരെയും പുറത്തെടുത്തത്. അപ്പോഴേക്കും ഒരാള്‍ മരിച്ചിരുന്നു. മറ്റൊരാള്‍ ആശുപത്രിയില്‍ എത്തിച്ചതിനുശേഷമാണ് മരിച്ചത്.

മഹേഷ്, ജിത്ത് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

KCN

more recommended stories