ശിവരാത്രി മഹോത്സവത്തിനിടെ കഞ്ചാവ് വില്‍പ്പന: തമിഴ്‌നാട് സ്വദേശി പിടിയില്‍

ആലുവ: ആലുവ ശിവരാത്രി മഹോത്സവത്തിന് കഞ്ചാവ് വില്‍ക്കാന്‍ എത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍. എട്ടു പൊതികളിലായി 2.25 കിലോഗ്രാം കഞ്ചാവുമായി വന്ന തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്്. കമ്പം കൂഡല്ലൂര്‍ സ്വദേശി എല്ലൈ തെരുവില്‍ ആങ്കര്‍ തേവര്‍ മകന്‍ പാണ്ഡ്യ തേവരെയാണ് (70) കസ്റ്റഡിയിലെടുത്തത്. ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ച് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടത്.

ഈ മാസം എട്ടിന് കമ്പത്തു വച്ചു തന്റെ പക്കല്‍ നിന്ന് 900 ഗ്രാം കഞ്ചാവു വാങ്ങിയ ആലുവ സ്വദേശിയായ അനസ്സ് നിര്‍ദ്ദേശിച്ച പ്രകാരമാണ് എട്ട് പൊതികളിലാക്കി കഞ്ചാവുമായി ആലുവയിലെത്തിയത്. ഒരു പാഴ്‌സലിന് (2250 ഗ്രാം) തനിക്ക് 13,000/ രൂപക്ക് ലഭിക്കുമെന്നും അത് എട്ട് പൊതികളിലാക്കി പൊതി ഒന്നിന് 6,000/ രൂപക്കാണ് വില്പന നടത്തുന്നതെന്നും പ്രതി പാണ്ഡ്യതേവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

കഞ്ചാവു കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ച അനസ്സിനെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് എക്‌സൈസ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി ലക്ഷ്മണന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാര്‍ എന്‍.പി, അസി. എക്ലൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ. സെയ്ഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ മാരായ എ.എസ്. ജയന്‍, എം.എ.കെ. ഫൈസല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എം. റോബി, പി.എക്‌സ്. റൂബന്‍, രഞ്ജു എല്‍ദോ തോമസ്, ഡ്രൈവര്‍ പ്രദീപ് കുമാര്‍ സി.ടി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

KCN

more recommended stories