അഡാറ് ലവിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുത്തു

ഹൈദരാബാദ്: പുറത്തിറങ്ങാനിരിക്കുന്ന ‘ഒരു അഡാറ് ലവ്’ എന്ന സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു. ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ ചില വരികള്‍ പ്രവാചകനെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് ഫാറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഫലക്‌നാമ പൊലീസ് സംവിധായകനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരം കേസെടുത്തത്. നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഇന്ന് രാവിലെയാണ് പരാതിയുമായി ഒരു കൂട്ടം മുസ്ലിം ചെറുപ്പക്കാര്‍ രംഗത്തെത്തിയത്. എന്നാല്‍ ഇവര്‍ പരാതിക്കാധാരമായ വീഡിയോ ഹാജരാക്കിയിരുന്നില്ല. കേസെടുക്കണമെങ്കില്‍ വീഡിയോ ഹാജരാക്കണമെന്ന് പൊലീസ് നിലപാടെടുത്തതോടെ സംഘം വീഡിയോ ഹാജരാക്കി വിശദമായ പരാതി നല്‍കി. തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുക്കുകയായിരുന്നു. ഇതിനിടയില്‍ ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കെതിരെയും കേസെടുത്തെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ സംവിധായകനെതിരെ മാത്രമാണ് കേസെടുത്തതെന്നാണ് ഹൈദരാബാദ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം, ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന സിനിമയിലെ ഗാനം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഗാനത്തില്‍ അഭിനയിച്ച പ്രിയ വാര്യരും മറ്റും ഇപ്പോള്‍ ഇന്ത്യയൊട്ടാകെ വൈറലാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറും വന്‍ സ്വീകാര്യത നേടിയിരുന്നു.

KCN

more recommended stories