കര്‍ഷകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി: സമരം അവസാനിപ്പിച്ചു

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെ പിടിച്ചുലച്ച കര്‍ഷക പ്രക്ഷോഭം പിന്‍വലിച്ചു. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് പ്രക്ഷോഭകരുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം രണ്ടു മാസംകൊണ്ട് പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയിരിക്കുന്നത്.

കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് പഠിക്കാനും നടപ്പാക്കുന്നതിനും ആറംഗ സമിതിയെ നിയോഗിക്കുന്നതിന് തീരുമാനിച്ചു. കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 1.5 ലക്ഷം രൂപയുടെ കടാശ്വാസം നല്‍കും. ആദിവാസി ഭൂമി സംബന്ധിച്ച തീരുമാനം രണ്ടു മാസത്തിനകം എടുക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തില്‍ മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തിലായിരുന്നു കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടന്നത്. കര്‍ഷകര്‍ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.

കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ആദിവാസികള്‍ അടക്കമുള്ള കര്‍ഷകരുടെ പ്രക്ഷോഭം. ഏറെക്കാലമായുള്ള ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെവന്നതോടെയാണ് സമരം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി 30,000 കര്‍ഷകരുടെ ലോങ് മാര്‍ച്ച് ആറാം തീയതിയാണ് നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്ന് ആരംഭിച്ചത്. സിപിഎമ്മന്റെ കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പ്രതിദിനം ശരാശരി 35 കിലോമീറ്റര്‍ വീതം സഞ്ചരിച്ചാണ് കര്‍ഷകര്‍ 180 കിലോമീറ്റര്‍ സഞ്ചരിച്ച് മുംബൈയില്‍ എത്തിച്ചേര്‍ന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റ് വളയാനായിരുന്നു തീരുമാനം.

സമരത്തിന്റെ രൂക്ഷത ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഭട്‌നാവിസ് തയ്യാറായത്. 12 അംഗങ്ങള്‍ അടങ്ങുന്ന കര്‍ഷക നേതാക്കളും ആറ് സര്‍ക്കാര്‍ പ്രതിനിധികളുമാണ് ചര്‍ച്ച നടത്തിയത്.

KCN

more recommended stories