ആധാര്‍ ബന്ധിപ്പിക്കല്‍ അനിശ്ചിതമായി നീട്ടി

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്കും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള തിയ്യതി സുപ്രീം കോടതി അനിശ്ചിതമായി നീട്ടി. ആധാര്‍ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളില്‍ തീര്‍പ്പുണ്ടാക്കുന്നതു വരെയാണ് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള തിയ്യതി നീട്ടിയത്. നേരത്തെ മാര്‍ച്ച് 31നകം ആധാര്‍ വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്.

ബാങ്കിങ്, സെല്‍ഫോണ്‍ കണക്ഷന്‍, തത്കാല്‍ പാസ്‌പോര്‍ട് എന്നിവക്കും അന്തിമ വിധി വരുന്നതുവരെ ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള തിയ്യതി നീട്ടാന്‍ തയ്യാറാണെന്ന് അറ്റോണി ജനറല്‍ കഴിഞ്ഞ ആഴ്ച കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ആധാര്‍ വിധി പുറപ്പെടുവിച്ചത്.

ആധാര്‍ സെല്‍ ഫോണുമായി ബന്ധിപ്പിക്കാന്‍ സേവന ദാതാക്കളും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് ബാങ്കുകളും നിരന്തരമായി ഉപയോക്താക്കള്‍ക്കും ഇടപാടുകാര്‍ക്കും സന്ദേശം അയക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഇക്കാര്യത്തിലെ ഉത്തരവ് വരുന്നത്. സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതു വരെ ഈ സന്ദേശങ്ങള്‍ അവഗണിക്കാം.

KCN

more recommended stories