തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് അതിജാഗ്രത നിര്‍ദേശം; ചുഴലിക്കാറ്റിനും സാധ്യത

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ തീവ്രത കൂടിയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതിജാഗ്രത നിര്‍ദേശം. ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായിട്ടുണ്ട്. കേരള-തമിഴ്‌നാട് തീരത്ത് കനത്ത മഴക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എറണാകുളത്തും തിരുവനന്തപുരത്തും ആലപ്പുഴയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് നാവികസേനയും തീരസംരക്ഷണസേനയും അറിയിച്ചു. നാവിക സേന നിരീക്ഷണം ശക്തമാക്കി.

കാലാവസ്ഥ മുന്നറിയിപ്പ് മത്സ്യതെഴിലാളികള്‍ക്കു നല്‍കിയിട്ടുണ്ട്. കേരള തീരത്ത് നിന്ന് മത്സ്യ ബന്ധന ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്ത് അടുപ്പിച്ചു. ജാഗ്രത നിര്‍ദേശത്തെ തുടര്‍ന്ന് അമ്ബതോളം ബോട്ടുകളാണ് ലക്ഷദ്വീപ് തീരത്ത് അടുപ്പിച്ചത്.

തെക്കന്‍ കേരളത്തില്‍ 15ാം തീയതി വരെ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് അതുവരെ ഒരു മത്സ്യ തൊഴിലാളിയും മത്സ്യ ബന്ധനത്തിനു പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. തീരദേശത്ത് നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് സംബന്ധിച്ച് റവന്യു വകുപ്പ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രാദേശിക സാഹചര്യം നോക്കി തീരുമാനമെടുക്കാനാണ് നിര്‍ദേശം. എല്ലാ താലൂക്കുകളിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എല്ലാ തീരദേശ അഭയകേന്ദ്രങ്ങളും തയാറാക്കി വക്കണമെന്ന് ജില്ലാ കലക്ടര്‍മാരോട് ദുരന്ത നിവാരണ സേന അറിയിച്ചു. കെ.എസ്.ഇ.ബി കാര്യാലയങ്ങള്‍ക്കു പ്രത്യേക നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് പുതിയാപ്പയില്‍ നിന്ന് പോയ 10 ബോട്ടുകള്‍ തിരിച്ചത്താനുണ്ട്. മറ്റു തീരങ്ങളില്‍ നിന്നും പോയ ബോട്ടുകളോടും തിരിച്ചാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ തെക്ക്, തെക്ക്-പടിഞ്ഞാറന്‍ മേഖലയിലാണ് തീവ്ര ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. ഇത് വടക്ക്പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യുനമര്‍ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകാം. തിരമാല സാധാരണ നിലയില്‍ നിന്ന് 2.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരാം. കടല്‍ പ്രക്ഷുബ്ധമായിരിക്കും. കടലില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയാകാമെന്നും തീരദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

നിലവിലെ സാഹചര്യം അടിയന്തിരമായി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

KCN

more recommended stories