അഞ്ചാം വര്‍ഷക്കാരില്‍ 65ന് മുകളിലുള്ളവര്‍ക്ക് ഇത്തവണ ഹജ്ജ്

ന്യൂഡല്‍ഹി: അഞ്ചാം തവണ ഹജ്ജിന് അപേക്ഷിച്ചവരില്‍ 65 വയസ്സിനു മുകളിലുള്ള 1965 പേരെ ഈവര്‍ഷം കൊണ്ടുപോകാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാര്‍ അവിചാരിതമായി നയം മാറ്റിയതുമൂലം ഹജ്ജ് യാത്രക്ക് കഴിയാതിരുന്ന 19,000 പേരില്‍നിന്ന് വയസ്സ് അടിസ്ഥാനമാക്കി പത്തിലൊന്നു പേരെ കൊണ്ടുപോകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

എന്നാല്‍, 65 വയസ്സുകാരായ അപേക്ഷകരുടെ കവറില്‍ കൂടെ അപേക്ഷിച്ച 65 വയസ്സ് തികയാത്തവരെ കൊണ്ടുപോകില്ല. തങ്ങളോടൊപ്പം അപേക്ഷിച്ച 65 വയസ്സില്‍ താഴെയുള്ളവരെ ഒഴിവാക്കി ഒറ്റക്കു വേണം ഇവര്‍ പോകാന്‍. ഇവര്‍ക്ക് വൈകി അനുവദിച്ച ക്വോട്ടയായതിനാല്‍ മിനയുടെ അതിര്‍ത്തിക്കു പുറത്തായിരിക്കും താമസസൗകര്യം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഈ ഉപാധിയും സുപ്രീംകോടതി ശരിവെച്ചു.

ഉപാധികളോടെ പോകാന്‍ തയാറാകാത്തവരുടെ സീറ്റ് വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഉപാധിപ്രകാരം 65 വയസ്സ് കഴിഞ്ഞ ഭര്‍ത്താവിനൊപ്പം അപേക്ഷിച്ച 65 തികയാത്ത ഭാര്യമാരും 65 കഴിഞ്ഞ് പ്രായത്തിന്റെ അവശതയനുഭവിക്കുന്നവര്‍ക്കൊപ്പം സഹായത്തിനായി പോകുന്ന 65ല്‍ താഴെയുള്ളവരും പുറത്താകും. അവരില്ലാതെ പോകാന്‍ മറ്റുള്ളവര്‍ തയാറായില്ലെങ്കില്‍ വിധിയുടെ ഗുണഫലം ലഭിക്കുകയുമില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കൈവശം ബാക്കിവരുന്ന 3677 സീറ്റുകള്‍ വെയ്റ്റിങ് ലിസ്റ്റില്‍ അവശേഷിക്കുന്ന അപേക്ഷകരുടെ എണ്ണത്തിന്റെ അനുപാതത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കുമെന്നും ഉത്തരവില്‍ തുടര്‍ന്നു.

65 വയസ്സിനു മുകളിലുള്ള അഞ്ചാം വര്‍ഷക്കാര്‍ക്ക് അവസരം നല്‍കിയത് ഈ വര്‍ഷത്തേക്കു മാത്രമാണെന്നും ഭാവിയില്‍ ഇതൊരു കീഴ്‌വഴക്കമായിരിക്കില്ലെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു. നിലവിലുണ്ടായിരുന്ന നയം അനുസരിച്ച് അഞ്ചാം തവണ ഹജ്ജിന് അപേക്ഷിച്ച് ഉറപ്പിച്ചിരിക്കുന്നവരെ പരിഗണിക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാറിനുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹജ്ജ് കമ്മിറ്റിക്കുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാന്‍ നിലപാട് അറിയിക്കുകയായിരുന്നു.

KCN

more recommended stories