കാഞ്ഞങ്ങാട്ടെ കലാപാഹ്വാനക്കേസ്: പ്രവീണ്‍ തൊഗാഡിയയുടെ കുടുംബ സ്വത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി നോട്ടീസ്

കാസര്‍കോട് : കാഞ്ഞങ്ങാട്ടെ കലാപാഹ്വാന കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട വിശ്വഹിന്ദു പരിക്ഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ കുടുംബസ്വത്തിന്റെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

തൊഗാഡിയക്ക് സ്വത്തുക്കളില്ലെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി നിര്‍ദേശം നല്‍കി. തൊഗാഡിയ താമസിക്കുന്ന ഗുജറാത്തിലെ സോലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അദ്ദേഹത്തിന് സ്വത്തുക്കളില്ലെന്നതിന് തെളിവായി അവിടത്തെ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രമടക്കം ഹാജരാക്കണമെന്നും മക്കളുടെ പേരിലുള്ള സ്വത്തിന്റെ വിശദരേഖകള്‍ വേണമെന്നും കോടതി വ്യക്തമാക്കി.

കാഞ്ഞങ്ങാട്ട് തൊഗാഡിയ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷം ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നതിന് ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും തൊഗാഡിയയെ അറസ്റ്റു ചെയ്യാന്‍ പൊലീസിന് കഴിഞ്ഞില്ല. തൊഗാഡിയയെ കണ്ടെത്താനായില്ലെന്നും അറസ്റ്റു ചെയ്യാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് കോടതി അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീടാണ് തൊഗാഡിയയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്. തൊഗാഡിയ താമസിക്കുന്ന സോളത്തെ ബംഗ്ലാവില്‍ ഗുജറാത്ത് പൊലീസിന്റെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ ഈ ബംഗ്ലാവ് മകന്‍ ആകാശ് തൊഗാഡിയയുടെ പേരിലാണെന്നും പ്രവീണ്‍ തൊഗാഡിയയുടെ പേരില്‍ യാതൊരു സ്വത്തുക്കളുമില്ലെന്നുമാണ് കണ്ടെത്തിയത്. നോട്ടീസ് കിട്ടിയതോടെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് വീണ്ടും ഗുജറാത്തിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്.

KCN

more recommended stories