ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചില്ലങ്കില്‍ ലോക് സഭ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: 2019 ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയില്ലങ്കില്‍ തിരഞ്ഞെടുപ്പ് തന്നെ ബഹിഷ്‌ക്കരിക്കുമെന്ന നിലപാടിലേക്ക് പ്രതിപക്ഷം.

ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തില്‍ തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടത് നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമാണ്.

മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സമാന നിലപാടിലാണ്. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ബി.ജെ.പി നേരത്തെ വിജയിച്ചതെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പ് കമ്മിഷനെ സമ്മര്‍ദ്ദത്തിലാക്കുന്നതിനായി പ്രതിപക്ഷ നേതാക്കളുടെ യോഗം ഇക്കാര്യത്തിന് വേണ്ടി മാത്രം വിളിച്ചു ചേര്‍ക്കാനാണ് കോണ്‍ഗ്രസ്സ് നീക്കം.

ആം ആദ്മി പാര്‍ട്ടി എംഎല്‍എ സൗരഭ് ഭരദ്വാജാണ് ആദ്യമായി ഇലക്ടോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ എങ്ങനെ കൃത്രിമം കാട്ടാമെന്ന് തത്സമയം തെളിയിച്ച് വോട്ടിങ്ങ് യന്ത്രവുമായി ഡല്‍ഹി നിയമസഭയിലെത്തി അവതരണം നടത്തിയത്.

അന്ന് ഇത് കണ്ട് നെറ്റി ചുളിച്ച പല പ്രമുഖ പാര്‍ട്ടികളും ഇപ്പോള്‍ പഴയ നിലപാട് മാറ്റി ബാലറ്റ് പേപ്പറിലേക്ക് രാജ്യം മടങ്ങണമെന്ന നിലപാടിലാണ്.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ്ങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ബിജെപി വിജയം നേടിയതെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണം തെളിയിക്കാനുള്ള ശ്രമമായിരുന്നു നിയമസഭയില്‍ അവതരിപ്പിച്ചത്.

വോട്ടിങ്ങ് യന്ത്രവുമായി സഭയിലെത്തിയ എഎപി എംഎല്‍എ സൗരബ് ഭരദ്വാജ് എങ്ങനെയാണ് കൃത്രിമം നടക്കുന്നതെന്ന് വിശദീകരിച്ചു. രാഷ്ട്രീയത്തിലെത്തുന്നതിന് മുന്‍പ് കമ്ബ്യൂട്ടര്‍ എഞ്ചിനീയറായി വിവിധ കമ്ബനികളില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ടെന്ന മുഖവുരയോടെയാണ് എംഎല്‍എ എങ്ങനെ കൃത്രിമം നടത്താമെന്ന് കാര്യം അവതരിപ്പിച്ചത്.

വോട്ടിങ്ങ് യന്ത്രത്തില്‍ ഒരു രഹസ്യകോഡ് നല്‍കിയാല്‍ മെഷീനില്‍ പതിയുന്ന ഭൂരിപക്ഷം വോട്ടുകള്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന സംവിധാനം ഭരദ്വാജ് യന്ത്രം പ്രലര്‍ത്തിപ്പിച്ച് കാണിച്ചു. പരീക്ഷണ വോട്ടെടുപ്പില്‍ എഎപി – 10, ബിഎസ്പി – 2, ബിജെപി – 3, കോണ്‍ഗ്രസ് – 2, എസ്പി – 2, എന്നിങ്ങനെ യന്ത്രത്തില്‍ വോട്ടുകള്‍ പതിക്കുകയായിരുന്നു.

KCN

more recommended stories