കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം നേടും: രാഹുല്‍ ഗാന്ധി

ചിക്കമംഗളൂര്‍: വരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വലവിജയം സ്വന്തമാക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ വിജയിക്കില്ലെന്നും മോദിക്ക് ധര്‍മം എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ ചിക്കമംഗളൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

‘മോദി ഭരണത്തിന്റെ നാലുവര്‍ഷം കടന്നു പോയിരിക്കുകയാണ്. വലിയ പ്രഭാഷണങ്ങള്‍ നടത്തുക മാത്രമാണ് മോദി ചെയ്തത്. ഇനി ഒരു വര്‍ഷം മാത്രമാണ് അവശേഷിക്കുന്നത്. ഇക്കാലയളവിലും ഭരണത്തില്‍ ഒരു മാറ്റവും വരുമെന്ന് തോന്നുന്നില്ല. അതിനാല്‍ത്തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ മോദി പരാജയപ്പെടും’.

രാജ്യത്തെ പ്രധാനമന്ത്രിയില്‍ നിന്നും ജനങ്ങള്‍ സത്യം കേള്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും അല്ലാതെ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങള്‍ അല്ലെന്നും രാഹുല്‍ പറഞ്ഞു. സാഹോദര്യവും സ്‌നേഹവും നിറഞ്ഞ പ്രസംഗം കേള്‍ക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സത്യത്തിന്റെ മാര്‍ഗത്തിലല്ലാതെ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് ജനങ്ങള്‍ക്ക് അറിയാം. ഇതുതന്നെയാണ് ധര്‍മത്തിന്റെ അടിസ്ഥാനവും. രാഹുല്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടപ്രചാരണത്തിനായാണ് രാഹുല്‍ ചിക്കമംഗളുരുവില്‍ എത്തിയത്. മാര്‍ച്ച് 20 നാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ എത്തിയത്.

സന്ദര്‍ശന വേളയില്‍ ചിക്കമംഗളുരുവിലെ ശൃംഗേരിയില്‍ ശങ്കരാചാര്യന്‍ സ്ഥാപിച്ച ശാരദാ പീഠം രാഹുല്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി, പിസി വിഷ്ണുനാഥ് എന്നിവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു.

KCN

more recommended stories