കാത്തിരിപ്പിന് വിരാമമായി… സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

അബുദാബി : ഹദിയ അതിഞ്ഞാലും ദയ ചാരിറ്റി അജാനൂര്‍ കടപ്പുറവും ഇദംപ്രദമായി ആദിഥ്യമരുളുന്ന എമിറേറ്റ്‌സ് കപ്പ് ‘ 18 സോക്കര്‍ ലീഗിന് തുടക്കം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. മാര്‍ച്ച് 30 ന് വെള്ളിയാഴ്ച രണ്ട് മണിയോട് കൂടി അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ പോരാട്ടവീര്യങ്ങളുടെ ഗാഥകള്‍ തീര്‍ക്കാന്‍ മത്സരങ്ങള്‍ക്ക് തുടക്കമാവും. ആദ്യം മത്സരവേദിയായി സംഘാടകര്‍ പ്രഖ്യാപിച്ച അബുദാബി മദീനത്ത് സായിദ് ഗ്രൗണ്ട് പിന്നീട് ഫുട്ബോള്‍ ആരാധകരുടെ വന്‍ ബാഹുല്യവും മത്സരത്തില്‍ മാറ്റുരയ്ക്കുന്ന ടീമുകളുടെ അഭ്യര്‍ത്ഥനയും മാനിച്ച് കൂടുതല്‍ മെച്ചപ്പെട്ട വേദി കൂടിയായ അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു . ഏഴോളം പേരടങ്ങുന്ന പതിനാറോളം ടീമുകളാണ് സോക്കര്‍ ലീഗില്‍ തങ്ങളുടെ പോരാട്ടങ്ങളുടെ ഗാഥകള്‍ തീര്‍ക്കാന്‍ എത്തുന്നത് , ക്ലബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളിലെ വമ്പന്‍മാര്‍ തന്നെയായിരിക്കും ഓരോ ടീമിനും വേണ്ടി ബൂട്ടണിയാന്‍ എത്തുന്നത് എന്ന് തന്നെയാണ് ഫുട്‌ബോള്‍ ആരാധകര്‍ കണക്ക് കൂട്ടുന്നത് , മത്സരം ഫേസ്ബുക്കിലൂടെയും യൂറ്റൂബിലുടെയും ലൈവായി നല്‍കാനുള്ള സംവിധാനങ്ങളൊക്കെ സംഘാടകരൊരുക്കിയിട്ടുണ്ട് , കൂടാതെ മത്സരം വീക്ഷിക്കാനും ക്യാമറ കണ്ണുകളില്‍ പകര്‍ത്താനും വന്‍മാധ്യമ പട തന്നെയാണ് സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ എത്താന്‍ പോവുന്നത് . പാലായി അന്തുമായി ഹാജിയുടെയും ഇടക്കാലത്ത് വിട്ട് പിരിഞ്ഞ ഹദിയയുടെ സജീവ പ്രവര്‍ത്തകനായിരുന്ന പിവി അബ്ദുല്‍ ബഷീറിന്റെയും നാമദേയത്തിലുള്ള ട്രോഫികളും കാഷ് അവാര്‍ഡുകളുമാണ് സോക്കര്‍ ലീഗിലെ വിന്നേര്‍സിനും റണ്ണറപ്പിനുമായി നല്‍കുന്നത്. കേരളത്തിലെ ഒട്ടുമിക്ക കളി മൈതാനങ്ങളിലും മത്സരം നിയന്ത്രിച്ച് തഴക്കവും പഴക്കവുമുള്ള സംസ്ഥാന റഫറീസ് അസോസിയേഷന്‍ കൗണ്‍സില്‍ അംഗവും കൂടിയായ പിഎംഎ റഹ്മാന്‍ പള്ളിക്കരയാണ് സോക്കര്‍ ലീഗ് നിയന്ത്രിക്കാനെത്തുന്നത് സഹ റഫറിയായി യുഎഇ യിലെ ഒട്ടുമിക്ക കളി മൈതാനങ്ങളിലും റഫറിയായി നിന്ന റഫീഖ് ഹദ്ദാദുമെത്തും.ഫുട്‌ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ കാഞ്ഞങ്ങാട്ടുകാര്‍ എന്നും ഓര്‍ക്കുന്ന കാഞ്ഞങ്ങാട് ബ്രദേര്‍സ് ക്ലബിന്റെ സംഘാടകനും പല കളിക്കാരെയും ഫുട്ബോളിന്റെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ സിഡി ഖാദിര്‍ച്ച എന്ന കൂള്‍ഡ്രിംഗ്‌സ് അബ്ദുല്‍ ഖാദറിന്റെ നാമദേയത്തിലുള്ള ആദരവ് നല്‍കി കാഞ്ഞങ്ങാട്ടെ പഴയ കാല ആറ് ഫുട്ബോള്‍ താരങ്ങളെ ചടങ്ങില്‍ ആദരിക്കും . ആദ്യ കാലത്ത് കേരളത്തിലെ ഗ്ലാമര്‍ ടീമുകളിലൊന്നായ ടൈറ്റാനിയത്തിന്റെ താരം അഷ്റഫ് മാവിലാകടപ്പുറം , ഷൂട്ടേര്‍സ് പടന്നയുടെ താരങ്ങളായ റഫീഖ് പടന്ന , ഗംഗാധരന്‍ പള്ളിക്കര , കാഞ്ഞങ്ങാട് ബ്രദേര്‍സ് ക്ലബിന്റെ താരമായിരുന്ന പ്രഭാകരന്‍ , അതിഞ്ഞാല്‍ നാസര്‍ ക്ലബിന്റെ താരം സിഎച്ച് അലികുഞ്ഞി , നിലേശ്വരം സോക്കര്‍ അക്കാദമിയിലെ സഹ പരിശീലകന്‍ പിഎം ഷുക്കൂര്‍ എന്നിവരെയാണ് അനുമോദനങ്ങള്‍ നല്‍കി ആദരിക്കുന്നത്. സോക്കര്‍ ലീഗിന്റെ നടത്തിപ്പിനായി എംഎം നാസര്‍ ചെയര്‍മാനും പിഎം ഫാറൂഖ് കണ്‍വീനറും ഖാലിദ് അറബിക്കാടത്ത് ട്രെഷററുമായി വിപുലമായ സംഘാടക സമിതി കമ്മിറ്റി തന്നെയാണ് നിലവില്‍ പ്രവര്‍ത്തിച്ച് വരുന്നത്.

KCN

more recommended stories