കുടിവെള്ളത്തിന്റെ ഗുണമേന്‍മയറിയാന്‍ ദുബായില്‍ മൊബൈല്‍ ആപ്പ്

ദുബായ്: അഞ്ച് ഗാലന്‍ ബോട്ടിലില്‍ വരുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം, എക്സ്പയറി ഡേറ്റ് തുടങ്ങിയ വിവരങ്ങളറിയാന്‍ പുതിയ മൊബൈല്‍ ആപ്പുമായി ദുബായ് മുനിസിപ്പാലിറ്റി. ഈ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി കുടിവെള്ളത്തെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളെല്ലാം അറിയാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്ന് ദുബയ് മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജിരി പറഞ്ഞു. ഏപ്രില്‍ ഒന്നു മുതലാണ് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാവുക. പദ്ധതിയുമായി സഹകരിക്കാന്‍ എല്ലാ കുടിവെള്ള ബോട്ടിലിംഗ് കമ്ബനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

ഏപ്രില്‍ ഒന്ന് ഞായറാഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. അതിനു ശേഷം കമ്ബനികളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ബോട്ടിലിംഗ് വേളയില്‍ പാത്രത്തിന്റെ അടപ്പിനു മുകളിലുള്ള സീലിനു മേല്‍ പ്രത്യേകമായി ലേസര്‍ കോഡ് പ്രിന്റ് ചെയ്യും.

ഇത് മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ ബോട്ടിലിംഗ് കമ്ബനി, വെള്ളത്തിന്റെ ഗുണനിലവാരം, പാക്കേജ് ചെയ്ത തീയതി, എക്സ്പയറി ഡേറ്റ് തുടങ്ങിയ വിവരങ്ങള്‍ ഉപഭോക്താവിന് ലഭിക്കും. ഓരോ ബോട്ടിലിനും പ്രത്യേകമായ കോഡായിരിക്കും ഉണ്ടാവുക. ഇത്തരം ബാര്‍ കോഡ് ഇല്ലാത്ത ബോട്ടിലുകള്‍ വ്യാജമാണെന്ന് കണ്ടെത്താന്‍ എളുപ്പമാവുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം.

വെള്ളം നിറയ്ക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറിനെ കുറിച്ചുള്ള വിവരങ്ങളും ഒരേ ബോട്ടില്‍ എത്ര തവണ റീഫില്‍ ചെയ്തുവെന്ന കാര്യവും അടപ്പിലെ ബാര്‍കോഡില്‍ രേഖപ്പെടുത്തുമെന്ന് പരിസ്ഥിതി വിഭാഗം അസിസ്റ്റന്റ് ഡയരക്ടര്‍ ഖാലിദ് ശരീഫ് അല്‍ അവധി പറഞ്ഞു. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നതിനൊപ്പം വ്യാജ ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാനുള്ള സംവിധാനമൊരുക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുനിസിപ്പാലിറ്റിയുടെ ആരോഗ്യവിഭാഗം നടത്തുന്ന പരിശോധനയില്‍ ഈ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കുടിവെള്ള പാക്കേജിനെ കുറിച്ച് കണ്ടെത്തുന്ന കാര്യത്തെ കുറിച്ച് പരാതികളുണ്ടെങ്കില്‍ അവ മുനിസിപ്പാലിറ്റി അധികൃതരെ ഉടന്‍ അറിയിക്കണം. ആപ്ലിക്കേഷനില്‍ നല്‍കിയിരിക്കുന്ന ചെക്ക്ലിസ്റ്റില്‍ പരാതി ഏതെന്ന് തെരഞ്ഞെടുത്ത് അയച്ചാല്‍ മാത്രം മതി. പരാതി അയക്കുമ്‌ബോള്‍ കണ്ടെയിനറിന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയാല്‍ പരിശോധകര്‍ക്ക് എളുപ്പമാവുമെന്നും അദ്ദേഹം പറഞ്ഞു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ Water SmarTrace എന്ന മബൈല്‍ ആപ്പ് പ്ലേസ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

KCN

more recommended stories