മൊബൈല്‍ ഷോപ്പില്‍ മോഷണം

കാഞ്ഞങ്ങാട്: മൊബൈല്‍ ഷോപ്പില്‍ നിന്നും മോഷ്ടിച്ച മൊബൈലുകള്‍ സഞ്ചിയിലാക്കി കടയില്‍ ഉപേക്ഷിച്ച ശേഷം മേശ വലിപ്പില്‍ നിന്നും പണം കവര്‍ന്ന് മോഷ്ടാവ് കടന്നുകളഞ്ഞു.

മോഷണ ശ്രമത്തിനിടെ പരിക്കേറ്റ മോഷ്ടാവിന്റെ രക്തം സ്ഥാപനത്തില്‍ തളംകെട്ടിയ നിലയിലും കാണപ്പെട്ടു. കോട്ടച്ചേരി കല്ലട്ര കോംപ്ലക്‌സില്‍ ചെറുവത്തൂര്‍ സ്വദേശി എം ടി ജാബിറിന്റെ ഉടമസ്ഥതയിലുള്ള വിവോ മൊബൈല്‍ ഷോപ്പിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണം കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഷട്ടര്‍ കുത്തി തുറന്ന് ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. സ്ഥാപനത്തിനകത്തെ ഗ്ലാസ് കുത്തിപ്പെട്ടിക്കുന്നതിനിടയില്‍ ദേഹത്ത് കൊണ്ട് മുറിഞ്ഞ് പരിക്കേല്‍ക്കുകയും മുറിവില്‍ നിന്നും വാര്‍ന്ന രക്തം സ്ഥാപനത്തിനുള്ളില്‍ തളം കെട്ടിയ നിലയിലുമായിരുന്നു. മോഷ്ടിക്കാന്‍ വേണ്ടി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുവെച്ച മൊബൈല്‍ ഫോണുകള്‍ക്ക് മൂന്നു ലക്ഷത്തോളം വില വരും. മൊബൈലുകള്‍ മോഷ്ടിച്ച ശേഷം ഉപേക്ഷിക്കപ്പെട്ടതിന്റെ കാരണവും വ്യക്തമല്ല. മേശ വലിപ്പില്‍ നിന്നും നാലായിരത്തി അറുന്നൂറ് രൂപയുമായാണ് മോഷ്ടാവ് സ്ഥലം വിട്ടത്. സംഭവം അറിഞ്ഞ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പരിശോധനക്കെത്തി. ഇന്നലെ രാത്രി റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള വിവോ മെജസ്റ്റിക്ക് കമ്മ്യൂണിക്കേഷന്‍ മൊബൈല്‍ ഷോപ്പിലും കവര്‍ച്ചാ ശ്രമം നടന്നിട്ടുണ്ട്.

KCN

more recommended stories