വ്യാജവാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നഷ്ടമാകും; മുന്നറിയിപ്പുമായി സര്‍ക്കാര്‍

ദില്ലി: വ്യാജവാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നഷ്ടമാകും എന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയമാണ് ഇന്നലെ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ താല്‍ക്കാലികമായോ സ്ഥിരമായോ റദ്ദാക്കും എന്നാണ് സര്‍ക്കാര്‍ അറിച്ചത്.

മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ ഭേദഗതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. കുറ്റകൃത്യങ്ങളുടെ തീവ്രത അടിസ്ഥാനമാക്കിയാണ് അക്രഡിറ്റേഷന്‍ റദ്ദാക്കുന്നത്. ആദ്യ തവണയാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില്‍ ആറുമാസത്തേക്കും രണ്ടാം തവണയാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില്‍ ഒരു വര്‍ഷത്തേക്കും മൂന്നാം തവണയും കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ അക്രഡിറ്റേഷന്‍ സ്ഥിരമായും റദ്ദാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യാജ വാര്‍ത്തകള്‍ക്ക് നിര്‍വചനം നല്‍കിയില്ല. എന്നാല്‍ അച്ചടി മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളെക്കുറിച്ചുള്ള പരാതി ലഭിച്ചാല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും, ദൃശ്യമാധ്യമങ്ങളുടെ കാര്യത്തില്‍ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനും വിഷയത്തില്‍ പരിശോധന നടത്തും എന്ന് അറിയിച്ചു. എന്നാല്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജവാര്‍ത്തകളെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടില്ല. ഡിജിറ്റല്‍ മാധ്യമങ്ങളെയും ഉള്‍പ്പെടുത്തി നിയമം നിര്‍മിക്കും എന്നും വാര്‍ത്താ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു.

KCN

more recommended stories