മുണ്ട്യത്തടുക്കയില്‍ രണ്ട് ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം: ഏഴുപേര്‍ക്ക് പരിക്ക്

ബദിയടുക്ക: മുണ്ട്യത്തടുക്ക പള്ളത്ത് രണ്ട് ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഷിബിലി ക്ലബ്ബ് പ്രവര്‍ത്തകരായ ഫാറൂഖ് (27), റംഷീദ് (18), നൗഫല്‍ (24), ഷബീബ് (23) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മലങ്കര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ പ്രവര്‍ത്തകരായ മജീദ് (28), യൂസഫ് (30), സവാദ് (24) എന്നിവരെ പരിക്കേറ്റ് കുമ്പളയിലെ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരുമാസം മുമ്പ് ഷിബിലി ക്ലബ്ബ് പൊലീസിന്റെ സഹകരണത്തോടെ കഞ്ചാവ് മാഫിയക്കെതിരെ പ്രദേശത്ത് സൗഹൃദ കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഈ കൂട്ടായ്മയുടെ സെക്രട്ടറിയാണ് ഫാറൂഖ്.

കഞ്ചാവ് സംഘത്തെ സൗഹൃദ കൂട്ടായ്മ നിരീക്ഷിച്ചുവരികയായിരുന്നു. കഞ്ചാവ് സംഘത്തിനെതിരെ പ്രവര്‍ത്തിച്ചതിനുള്ള വൈരാഗ്യത്തിലാണ് ഏഴംഗ സംഘം തങ്ങളെ മര്‍ദ്ദിച്ചതെന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. അതേസമയം മലങ്കരയില്‍ നിന്ന് പള്ളം ഭാഗത്തേക്ക് ജീപ്പില്‍ പോകുന്നതിനിടെ ഒരു സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുമ്പള സഹകരണ ആസ്പത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. കഞ്ചാവ് വില്‍പനക്കാരെന്ന് ആരോപിച്ചാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നും അവര്‍ പരാതിപ്പെട്ടു. സംഘര്‍ഷം സംബന്ധിച്ച് ബദിയടുക്ക പൊലീസ് അന്വേഷിച്ചുവരുന്നു.

KCN

more recommended stories