ഇന്ന് ഭാരത് ബന്ദിന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം; രാജ്യത്ത് കനത്ത സുരക്ഷ

ന്യൂഡല്‍ഹി : രാജ്യവ്യാപകമായി ബന്ദിന് ഒരു കൂട്ടം സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്ന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴില്‍, വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെയാണു ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്നോട്ടു വന്നിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ബന്ദിന് ആഹ്വാനം. ഈ സാഹചര്യത്തില്‍ അക്രമസംഭവങ്ങള്‍ക്കെതിരെ കരുതലോടെയിരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. പട്രോളിങ്ങും ശക്തമാക്കും.
അതിനിടെ ബന്ദിന് അനുഭാവം പ്രകടിപ്പിച്ചെത്തിയവര്‍ ബിഹാറില്‍ ട്രെയിന്‍ തടഞ്ഞു. റോഡു ഗതാഗതം തടസ്സപ്പെടുത്തിയും പ്രതിഷേധം തുടരുകയാണ്. മധ്യപ്രദേശിലെ ഭിണ്ഡിലും മൊറേനയിലും അക്രമസംഭവങ്ങളെത്തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ വിവിധ സാമുദായിക സംഘടനകളുമായി പൊലീസ് ചര്‍ച്ച നടത്തി. ഉത്തര്‍പ്രദേശില്‍ സുരക്ഷ ഉറപ്പാക്കണമെന്നതു സംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഹാറന്‍പുറില്‍ ഇന്നലെ രാത്രി മുതല്‍ ഇന്റര്‍നെറ്റിനു വിലക്കേര്‍പ്പെടുത്തി. പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്തിയുള്ള സുപ്രീംകോടതി വിധിക്കെതിരെ ഏപ്രില്‍ രണ്ടിനു വിവിധ ദലിത് സംഘടനകള്‍ നടത്തിയ ‘ഭാരത് ബന്ദ്’ വന്‍ അക്രമങ്ങളിലേക്കു വഴിതിരിഞ്ഞ സാഹചര്യത്തിലാണ് ഇത്തവണ കേന്ദ്രം മുന്‍കരുതല്‍ ശക്തമാക്കിയത്. ബന്ദിനിടെയുണ്ടായ അക്രമങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയാറായില്ല.

KCN

more recommended stories