പരിയാരം മെഡിക്കല്‍ കോളേജ് : പൂവണിയുന്നത് ചിരകാല സ്വപ്‌നം

കണ്ണൂര്‍ > കാത്തിരിപ്പിന് വിരാമം. പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വടക്കന്‍ കേരളത്തിന്റെ ചിരകാല അഭിലാഷം യാഥാര്‍ഥ്യമാവുകയാണ്. സഹകരണമേഖലയില്‍ രാജ്യത്തെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള വൈദ്യപഠന ആതുരശുശ്രൂഷാ കേന്ദ്രം ഇനി കൂടുതല്‍ ഉയരങ്ങളിലേക്ക്.

ഇനി പരിയാരം തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ (ആര്‍സിസി) മാതൃകയില്‍ സ്വയംഭരണസ്ഥാപനമാകും. ദീര്‍ഘവീക്ഷണവും പ്രായോഗികതയും ഒത്തിണങ്ങിയ പക്വമായ തീരുമാനമാണിതെന്നതില്‍ സംശയമില്ല. സ്ഥാപനത്തെ കൂടുതല്‍ ഉന്നതിയിലെത്തിക്കാന്‍ ഈ നടപടിയിലൂടെ കഴിയുമെന്ന് വിദഗ്്ധര്‍ അഭിപ്രായപ്പെടുന്നു. ഉത്തരകേരളത്തിന്റെ ആതുരശുശ്രൂഷാ രംഗത്തും പൊതുവികസനത്തിലും വന്‍ കുതിപ്പിനു വഴിയൊരുക്കുന്ന നിര്‍ണായക ചുവടുവയ്പണിത്്. സര്‍ക്കാര്‍ഭൂമിയും സഹകരണമേഖലയുടെ പണവും ഉപയോഗിച്ച് കെട്ടിപ്പടുത്ത പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നത് നാടിന്റെയാകെ ആവശ്യമായിരുന്നെങ്കിലും പ്രായോഗികമായി ഇതിന് ഏറെ പരിമിതികളും സങ്കീര്‍ണതകളുമുണ്ടായിരുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരും ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും നടക്കാതെ പോയത് ഇക്കാരണത്താലാണ്. ഭീമമായ കടബാധ്യത തന്നെയായിരുന്നു മുഖ്യപ്രതിബന്ധം.

മെഡിക്കല്‍ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നടത്തിപ്പുകാരായ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് ട്രസ്റ്റ് സ്വഭാവത്തിലുള്ള പ്രത്യേക സംവിധാനമാണ്. അതിനാല്‍ സമഗ്ര നിയമനിര്‍മാണത്തിലൂടെയേ ഏറ്റെടുക്കല്‍ സാധ്യമാകൂ. എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ച് ഏറ്റെടുക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണ് മന്ത്രിസഭാ തീരുമാനവും പുതിയ ഓര്‍ഡിനന്‍സും.

ഹഡ്‌കോയുടെ കുടിശിക സര്‍ക്കാര്‍ ഇടപെടലോടെ 200 കോടിയായി കുറഞ്ഞു. ഇത് സര്‍ക്കാര്‍ ഏറ്റെടുത്ത് ഗഡുക്കളായി അടച്ചുതുടങ്ങി. അടുത്ത വര്‍ഷത്തോടെ പൂര്‍ണമായി അടച്ചുതീര്‍ക്കാനാകും. 1997ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഘട്ടത്തില്‍ ധനസഹായമായി നല്‍കിയ 65.5 കോടി പിന്നീട് വായ്പയാക്കി മാറ്റിയിരുന്നു. ഇതിപ്പോള്‍ 171 കോടിയായിട്ടുണ്ട്. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഇതൊരു ബാധ്യതയാവില്ല. പിന്നെയുളളത് എറണാകുളം ജില്ലാ സഹകരണ ബാങ്കിനു നല്‍കാനുള്ള തുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് 26.5 കോടിയാണ് വായ്പയെടുത്തത്. ഇപ്പോള്‍ 100 കോടിയിലെത്തി നില്‍ക്കുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ 50 കോടിക്കു തീര്‍ക്കാവുന്നതേയുള്ളൂ.

പിന്നെയുള്ളത് വിവിധ സഹകരണ സ്ഥാപനങ്ങള്‍ സ്ഥിരനിക്ഷേപമായി നല്‍കിയ ഏഴു കോടി രൂപ. ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കുന്ന മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാക്കാന്‍ എല്ലാ സൗകര്യവും നിലവില്‍ പരിയാരത്തുണ്ട്. ഒരു സാധാരണ മെഡിക്കല്‍കോളേജാക്കി മാറ്റിയാല്‍ ഈ വളര്‍ച്ച കൈവരിക്കാനാവില്ലെന്നത് വസ്തുതയാണ്. ഇവിടെയാണ് ആര്‍സിസി മാതൃകയുടെ പ്രസക്തി.

KCN

more recommended stories