മഅദനിയെ വെറുതെ വിടുക, അല്ലെങ്കില്‍ തൂക്കിലേറ്റുക; മന്ത്രി ജലീലിന്റെ കുറിപ്പിന് വിമര്‍ശനം

മലപ്പുറം : ബെംഗളൂരുവില്‍പ്പോയി പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ചശേഷം, അദ്ദേഹത്തെ വെറുതെവിടുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്നു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട മന്ത്രി കെ.ടി.ജലീലിനെതിരെ വിമര്‍ശനവുമായി ‘സൈബര്‍ പോരാളികള്‍’. ഇടതു സര്‍ക്കാരുമായി ചേര്‍ന്നു മഅദനിയെ മോചിപ്പിക്കാന്‍ ശ്രമിക്കാതെ ജലീല്‍ ‘സന്ദര്‍ശന നാടകം’ കളിക്കുകയാണെന്നാരോപിച്ചാണു പോസ്റ്റിന്റെ കമന്റുകള്‍.
‘ഒന്നുകില്‍ മഅദനിയെ വെറുതെവിടുക, അല്ലെങ്കില്‍ അദ്ദേഹത്തെ തൂക്കിലേറ്റുക’ എന്ന തലക്കെട്ടില്‍ ജലീല്‍ എഴുതിയ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍:

‘പുട്ടപര്‍ത്തിയില്‍ സായിബാബയുടെ ആശ്രമത്തില്‍ വിഷുവിനോടനുബന്ധിച്ചു നടക്കുന്ന സൗഹൃദ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ പോകവെയാണ് മഅദനിയെ കാണാന്‍ അദ്ദേഹം താമസിക്കുന്ന ഫ്‌ലാറ്റിലെത്തിയത്. ഒരുപാടു രോഗങ്ങളുടെ ആക്രമണത്തില്‍ ശരീരം തളര്‍ന്നിട്ടുണ്ടെങ്കിലും മനസ്സിന് എവിടെയും ഒരു ഇടര്‍ച്ചയുമില്ലെന്നു സംസാരിച്ചു തുടങ്ങിയപ്പോഴേ ബോധ്യമായി. കര്‍ണാടക സര്‍ക്കാര്‍ വിചാരണ നീട്ടുക്കൊണ്ടുപോകുന്നതുതന്നെ മഅദനി നിരപരാധിയാണെന്നതിനു തെളിവാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപിക്കു പഠിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഒന്നുകില്‍ മഅദനിയെ വെറുതെവിടുക. അല്ലെങ്കില്‍ അദ്ദേഹത്തെ തൂക്കിലേറ്റുക. ജീവിതത്തിനും മരണത്തിനുമിടയിലിട്ടുള്ള ഈ പീഡനം സഹിക്കാവുന്നതിലും അപ്പുറമാണ്.’

മഅദനിയെ കൈമാറിയതു മുന്‍പു ഭരണത്തിലുണ്ടായിരുന്ന ഇടതു സര്‍ക്കാരാണെന്നാണു ജലീലിന്റെ പോസ്റ്റിനുള്ള കമന്റുകളിലെ പ്രധാന ആരോപണം. സമൂഹമാധ്യമങ്ങളില്‍ വീമ്പിളക്കി വല്യേട്ടന്‍ ചമയാതെ ഭരണതല ഇടപെടല്‍ നടത്തി മഅദനിയെ മോചിപ്പിക്കാന്‍ ജലീല്‍ തയാറാകണമെന്നും ഒട്ടേറെപ്പേര്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍തലത്തില്‍ ആലോചിച്ചു നീതിക്കായിട്ടുള്ള ശ്രമങ്ങള്‍ ജലീലിന്റെ നേതൃത്വത്തില്‍ നടത്തണമെന്നാവശ്യപ്പെട്ടുള്ള കമന്റുകളും ഏറെയുണ്ട്.

KCN

more recommended stories