കൈനീട്ടമായി പച്ചക്കറി വിത്തുകള്‍ നല്‍കി ശ്രീവിഷ്ണു ക്ലബ്ബിന്റെ വേറിട്ട വിഷുആഘോഷം.

പെരിയ: വിഷുദിനത്തില്‍ നൂറു വീടുകളില്‍ പച്ചക്കറി വിത്തുകള്‍ കൈനീട്ടം നല്‍കി ക്ലബ്ബ്പ്രവര്‍ത്തകര്‍ മാതൃകയായി. പെരിയ കാലിയടുക്കം ശ്രീവിഷ്ണു ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് പ്രവര്‍ത്തകരാണ് ക്ലബ്ബിന്റെ പരിധിയില്‍പ്പെടുന്ന നൂറോളം വീടുകളില്‍ വിഷുക്കൈനീട്ടത്തിനൊപ്പം പച്ചക്കറി വിത്തുകളും എത്തിച്ചത്.ആശംസ കാര്‍ഡിനൊപ്പം മധുരവും, നോട്ടുകളും കൈമാറി. വീടുകളിലെ കുട്ടികള്‍ക്കും കര്‍ഷകര്‍ക്കുമൊപ്പം ചേര്‍ന്ന് പച്ചക്കറിത്തോട്ടത്തിന് വിത്ത് വിതച്ച ശേഷമാണ് അവര്‍ മടങ്ങിയത്. കഴിഞ്ഞ വര്‍ഷം നൂറിലധികം വീടുകളില്‍ കാസറഗോഡ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗവുമായി സഹകരിച്ച് കണിക്കൊന്ന തൈകള്‍ നട്ടിരുന്നു.കാലിയടുക്കം, പൂങ്കാമൂല, കനിയന്തള്ള പ്രദേശത്തെ വീടുകളിലാണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്.
വെണ്ട, പയര്‍, പാവല്‍, കോവയ്ക്ക, ചീര, നരമ്പന്‍, വെള്ളരി തുടങ്ങിയ വിത്തിനങ്ങളെല്ലാം തോട്ടത്തിനായി കൈമാറി.വീടുകളില്‍ പച്ചക്കറി തോട്ടമെന്ന ആശയത്തിനു ക്ലബ്ബിന്റെ പ്രവാസി അംഗം തോട്ടത്തില്‍ രാജേഷ് ആവശ്യമായ സഹായങ്ങള്‍ നല്‍കി. സര്‍ക്കാരിന്റെ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡന്റ് എ.പ്രമോദ് കാലിയടുക്കം ഉദ്ഘാടനം ചെയ്തു. ടി.ടി.സുജിത്ത് അധ്യക്ഷത വഹിച്ചു. എം.ഉണ്ണിക്കൃഷ്ണന്‍, കെ.ശരത്, വി .അനുരാജ്, ടി.ശ്രീജിത്ത്, കെ.അഖിലേഷ്, .വിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories