9.5 കിലോ കഞ്ചാവുമായി പിടിയിലായ നെല്ലിക്കട്ട സ്വദേശികളായ മൂന്നുപേര്‍ റിമാണ്ടില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുന്നതിനിടെ 9.5 കിലോ കഞ്ചാവുമായി പിടിയിലായ മൂന്നുപേരെ കോടതി റിമാണ്ട് ചെയ്തു. നെല്ലിക്കട്ട സാലത്തടുക്ക ലക്ഷം വീട് കോളനിയിലെ പി.എം ഇക്ബാല്‍ (33), നെല്ലിക്കട്ട സന്നടുക്കയിലെ എ.കെ അബ്ദുല്‍ നൗഷാദ് (29), നെല്ലിക്കട്ട ആമുനഗറിലെ അബ്ദുല്‍ റസാഖ്(31) എന്നിവരാണ് റിമാണ്ടിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം കാസര്‍കോട്-മംഗളൂരു ദേശീയ പാതയില്‍ സിപിസിആര്‍ഐക്ക് സമീപം നടത്തിയ പരിശോധനക്കിടെയാണ് പിടിയിലാവുന്നത്. ഇക്ബാലിനെതിരെയും നൗഷാദിനെതിരേയും നേരത്തേയും കഞ്ചാവ് കേസുണ്ട്. ഇക്ബാല്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കഞ്ചാവ്, കളവ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നൗഷാദിനെതിരെ വടകരയിലും കാഞ്ഞങ്ങാട്ടും കഞ്ചാവ് കടത്ത് കേസുണ്ട്.

റസാഖും മറ്റൊരു കേസില്‍ പ്രതിയാണ്. ആന്ധ്രാപ്രദേശില്‍ നിന്ന് ബംഗളൂരുവിലെത്തിക്കുന്ന കഞ്ചാവ് മംഗളൂരുവിലെ മൊത്ത വിതരണ കേന്ദ്രത്തിലെത്തിച്ച് അവിടെ നിന്ന് ചില്ലറയായി കാസര്‍കോട്ടെത്തിച്ച് വില്‍പ്പന നടത്തുകയാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ഹസൈനാര്‍ കുട്ടി, ഫിലിപ് തോമസ്, സി.കെ ബാലകൃഷ്ണന്‍, കെ.പി.വി രാജീവന്‍, കെ.നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.

KCN