എസ്എസ്എല്‍സി ഫലം: സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം :ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഏപ്രില്‍ 30നു ശേഷം ഏതു ദിവസവും ഉണ്ടാകാമെന്നു വിദ്യാഭ്യാസ വകുപ്പ്. അതേസമയം ഫലപ്രഖ്യാപനം മേയ് രണ്ടിനു നടക്കുമെന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ പരക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. എസ്എസ്എല്‍സി മൂല്യനിര്‍ണയം 23ന് ആണ് അവസാനിക്കുന്നത്. മറ്റു ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച വേണം. ടാബുലേഷനില്‍ വിട്ടു പോയ മാര്‍ക്കുകള്‍ പരിശോധിച്ചു വീണ്ടും ചേര്‍ക്കണം. ഗ്രേസ് മാര്‍ക്കും തുടര്‍ മൂല്യനിര്‍ണയത്തിന്റെ മാര്‍ക്കും ഉള്‍പ്പെടുത്തണം. ഐടി മാര്‍ക്കും രേഖപ്പടുത്തേണ്ടതുണ്ട്. തുടര്‍ന്ന് ഒരിക്കല്‍ കൂടി പരിശോധിച്ചു കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഫലം പ്രഖ്യാപിക്കൂ. ഇതിന് ആറോ ഏഴോ ദിവസം എടുക്കും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ 30നു ഫലം തയാറാകാനാണു സാധ്യത. മേയ് ഒന്നിന് അവധിയായതിനാല്‍ രണ്ടിനോ മൂന്നിനോ ഫലം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ സൗകര്യം കൂടി നോക്കിയായിരിക്കും തീയതി നിശ്ചയിക്കുക. കഴിഞ്ഞ വര്‍ഷം കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടി വരികയും മൂല്യനിര്‍ണയം നീണ്ടു പോവുകയും ചെയ്തിട്ടും മേയ് മൂന്നിനു തന്നെ ഫലം പ്രഖ്യാപിച്ചിരുന്നു. അതിനേക്കാള്‍ ഒരു ദിവസമെങ്കിലും നേരത്തേ ഫലപ്രഖ്യാപനം നടത്താനുള്ള ശ്രമത്തിലാണു വിദ്യാഭ്യാസ വകുപ്പ്. അതേസമയം, എല്ലാം കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം ഫലം പ്രഖ്യാപിച്ചാല്‍ മതിയെന്നും തിരക്കിടേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

KCN

more recommended stories