നേതാവിന് സീറ്റ് നല്‍കിയില്ല; കര്‍ണാടക യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി

മംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പില്‍ നേതാവിനു ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. മൂടബിദ്രി മണ്ഡലത്തില്‍ മല്‍സരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് മിഥുന്‍ റൈ നല്‍കിയ അപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണു പ്രവര്‍ത്തകരുടെ കൂട്ടരാജി. ഇവിടെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മിഥുന്‍ കര്‍ണാടക പിസിസിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സിറ്റിങ് എംഎല്‍എ കെ.അഭയചന്ദ്ര ജയിനിനെ തന്നെ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ എട്ടു നിയോജക മണ്ഡലങ്ങളിലെയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരടക്കം ഭാരവാഹികള്‍ ഡിസിസി പ്രസിഡന്റിനു രാജിക്കത്ത് നല്‍കിയത്.

ഇത്തവണ മല്‍സര രംഗത്തുനിന്നു മാറി നില്‍ക്കുമെന്ന് അഭയചന്ദ്ര ജയിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതോടെ ഐവാന്‍ ഡിസൂസ എംഎല്‍സി മണ്ഡലത്തില്‍ മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇതോടെ നിലപാടു മാറ്റിയ അഭയചന്ദ്ര ജയിന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റൈക്കു ടിക്കറ്റു നല്‍കുകയാണെങ്കില്‍ മാറാമെന്നായി. തിരഞ്ഞെടുപ്പ് അടുത്തതോടെ അഭയചന്ദ്ര ജയിന്‍, മിഥുന്‍ റൈ, ഐവാന്‍ ഡിസൂസ, മുന്‍ മംഗളൂരു മേയര്‍ കവിത സനില്‍ എന്നിവര്‍ മല്‍സരിക്കാന്‍ രംഗത്തെത്തി.യു.ടി.ഖാദര്‍ വിജയിച്ച മംഗളൂരു ഒഴികെ എല്ലാ മണ്ഡലങ്ങളിലും ഒന്നിലധികം പേര്‍ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്ത് എത്തിയതോടെ ഏഴു സിറ്റിങ് സീറ്റുകള്‍ അടക്കം ജില്ലയിലെ എട്ടു മണ്ഡലങ്ങളിലും കഴിഞ്ഞ തവണ മല്‍സരിച്ചവരെ തന്നെ രംഗത്തിറക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചു സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ രാജിക്കത്തു നല്‍കിയത്.മിഥുന്‍ റൈക്കായി സീറ്റ് ഒഴിഞ്ഞു നല്‍കാമെന്നു രണ്ടു വര്‍ഷം മുമ്പു തന്നെ അഭയചന്ദ്ര ജയിന്‍ വാഗ്ദാനം ചെയ്തതാണെന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി കിരണ്‍ കുമാര്‍ ഗുഡ്ലെഗുത്തു പറഞ്ഞു. എന്നാല്‍ പട്ടിക വന്നപ്പോള്‍ അഭയചന്ദ്ര ജയിനെ തന്നെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നെന്നും യൂത്ത് കോണ്‍ഗ്രസിനെ പാടേ അവഗണിച്ചിരിക്കുകയാണെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു.

KCN

more recommended stories