സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: 250 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കാശ്മീരില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങളില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു. ഇതിനായി ഡിജിപി അന്വേഷണ സംഘം രൂപീകരിച്ചു.

അക്രമങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറത്തുമാത്രം 250 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 80 പേരെ റിമാന്‍ഡ് ചെയ്തു. ഇവരുടെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ വാട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇവരെയും പോലീസ് കസ്റ്റഡിയിലെടുത്തേക്കും. അക്രമത്തിനു നേതൃത്വം നല്‍കിയവരെ സ്ഥിരം കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

എസ്ഡിപിഐക്കാരാണ് കഴിഞ്ഞ ദിവസം പലേടത്തും ഹര്‍ത്താല്‍ അടിച്ചേല്‍പ്പിക്കാന്‍ രംഗത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ നടന്ന ഹര്‍ത്താല്‍ ആഹ്വാനം ആസൂത്രിതമായി നടത്തിയതാണെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. ഹര്‍ത്താലനുകൂലികള്‍ കഐസ്ആര്‍ടിസി ബസുകള്‍ തടയുകയും കടകമ്പോളങ്ങള്‍ ബലമായി അടപ്പിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറു നടത്തി.

KCN

more recommended stories