ഹര്‍ത്താല്‍ പ്രചാരണം: അഡ്മിന്‍മാരെ ഫോണ്‍ അടക്കം കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശം; 3000 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കത്വയില്‍ എട്ടുവയസുകാരി ക്രൂരബലാത്സംഗത്തിനിരായായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്ത് ജനകീയ ബന്ദ് എന്ന പേരില്‍ സംഘടിപ്പിച്ച ഹര്‍ത്താലിനെതിരെ പോലീസ് നടപടി ശക്തമാക്കുന്നു. വാട്‌സാപ് വഴി പ്രചാരണം നടത്തിയവരെയും പിന്തുണ നല്‍കിയവരെയും കസ്റ്റഡിയിലെഎടുക്കാനാണ് തീരുമാനം. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സ് അപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ പൂര്‍ണ വിവരങ്ങള്‍ സൈബര്‍സെല്‍ ശേഖരിച്ച് തുടങ്ങി.

വിവിധ ജില്ലകളിലായി മൂവായിവരത്തിലധികം പേരുടെ ഫോണുകള്‍ നിരീക്ഷണ വിധേയമാക്കണമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കുമെന്നും ഫോണ്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും വയനാട് പോലീസ് പ്രസ് റിലീസില്‍ അറിയിച്ചു.

കേസില്‍ ഉള്‍പ്പെട്ട പ്രതികളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. വരുംനാളുകളില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ഇപ്പോള്‍ ആരോപണ വിധേയമായിരിക്കുന്നവരെ പോലീസ് കസ്റ്റഡിയിലെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹര്‍ത്താലിനിടെ സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പങ്കെടുത്ത ആയിരത്തോളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ അഞ്ചുജില്ലകളിലായിരുന്നു വ്യാപക അക്രമം. കാസര്‍കോട്ട് 104 ഉം കണ്ണൂരില്‍ 169 ഉം കോഴിക്കോട്ട് 200 ഉം മലപ്പുറത്ത് 131ഉം പാലക്കാട് 250ഉം വയനാട്ടില്‍ 41 പേരുമാണ് അറസ്റ്റിലായത്.

KCN