ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ആളുമാറിതന്നെയെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം : വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ ആളുമാറി തന്നെയാണ് അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇതിനായി നിരവധി സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് വീണ്ടും ചോദ്യം ചെയ്യാന്‍ തുടങ്ങി. ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്ത 9 പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വരാപ്പുഴ സ്റ്റേഷനിലെ സിഐ അടക്കമുള്ള പോലീസുദ്യോഗസ്ഥര്‍ പ്രതികളാകും. ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന എല്ലാ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാകും. കസ്റ്റഡിയിലെടുത്തതിന് ശേഷം വീട്ടില്‍ നിന്ന് കൊണ്ടുവരുന്നതിനിടെ ശ്രീജിത്തിനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നാണ് വിവരങ്ങള്‍.

ശ്രീജിത്തിനെ ആളുമാറി അറസ്റ്റ് ചെയ്ത സിഐ യും പ്രതിയാണ്. ഇന്ന് വൈകിട്ടോടെ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. അതേസമയം റൂറല്‍ എസ്പിക്കെതിരെ നടപടിയുണ്ടാകില്ല. ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ മര്‍ദ്ദിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരന്‍ ഗണേശനൊപ്പമാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ വീടാക്രമണക്കേസിലെ പ്രതികളെ തേടിയെത്തിയത്. പോലീസ് വാഹനത്തില്‍ കയറ്റുന്നതുവരെ ശ്രീജിത്തിന് മര്‍ദ്ദനമേറ്റിരുന്നില്ലെന്നാണ് ഗണേശന്റെ മൊഴി. എന്നാല്‍ ഇതിന് ഘടക വിരുദ്ധമായ മൊഴികളാണ് ശ്രീജിത്തിന്റെ കുടുംബാംഗങ്ങളും അയല്‍വാസികളും നല്‍കുന്നത്. ഇത് പരിഗണിച്ചാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘമെത്തുന്നത്.

കൊലക്കുറ്റം, അന്യായ തടങ്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യേഗസ്ഥര്‍ക്കെതിരെ നിരവധി മൊഴികളുണ്ട്. ഇവര്‍ തന്നെ മര്‍ദ്ദിച്ചതായി ഡോക്ടര്‍ക്ക് മുമ്ബാകെ ശ്രീജിത്ത് പറഞ്ഞിട്ടുമുണ്ട്. അതിനാല്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും.

KCN

more recommended stories