എസ്.എസ്.എല്‍.സി ഫലം മേയ് മൂന്നിനകം പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം മേയ് മൂന്നിനുള്ളില്‍ പ്രസിദ്ധീകരിക്കും. ഇതിനായുള്ള നടപടി ക്രമങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുന്നത്. ഈ മാസം 23 ന് മൂല്യനിര്‍ണയം പൂര്‍ത്തിയാകും. മൂല്യനിര്‍ണയ ക്യാന്പില്‍ നിന്നുമുള്ള ഫലങ്ങള്‍ ഡബിള്‍ എന്‍ട്രി ചെയ്യുന്നു. ആദ്യ തവണ മാര്‍ക്ക് എന്‍ട്രി ചെയ്യുന്‌പോള്‍ എന്തെങ്കിലും പിശകുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനാണ് ഡബിള്‍ എന്‍ട്രി ചെയ്യുന്നത്.

ഇത്തരത്തില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ പരീക്ഷാ ഭവന്‍ ഒരു തവണ കൂടി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തും. തുടര്‍ന്ന് ഏതെങ്കിലും വിദ്യാര്‍ഥിക്ക് മാര്‍ക്ക് ഇട്ടത് രേഖപ്പെടുത്താതെ വിട്ടുപോയിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ളവ പരിശോധിക്കും. ഇതിനുശേഷം വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ളവ രേഖപ്പെടുത്തു. ഇതിനു ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്കും.

നിലവിലെ സാഹചര്യത്തില്‍ ഈ മാസം 28 ഓടെ മൂല്യനിര്‍ണയത്തിന്റെ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ 30 ന് പരീക്ഷാ ബോര്‍ഡ് യോഗം ചേരുകയും മേയ് രണ്ടിന് ഫലപ്രഖ്യാപനം നടത്താന്‍ കഴിയുകയും ചെയ്യും. 30ന് പരീക്ഷാ ബോര്‍ഡ് ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ മേയ് രണ്ടിന് ബോര്‍ഡ് യോഗം ചേര്‍ന്ന് മേയ് മൂന്നിന് ഫലപ്രഖ്യാപനം നടത്താനും നീക്കമുണ്ട്.

KCN

more recommended stories