ഇനി ഓഫിസുകളില്‍ കൂടുതല്‍ വൃത്തി; ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം ജൂണ്‍ അഞ്ചിന്

തിരുവനന്തപുരം:  സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ഇനി പ്രവര്‍ത്തിക്കുക ഗ്രീന്‍ പ്രോട്ടോകോളിന്റെ അടിസ്ഥാനത്തില്‍. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാവും. ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഗ്രീന്‍പ്രോട്ടോകോള്‍ സംബന്ധിച്ചു സംസ്ഥാന ശുചിത്വ മിഷന്റെ നിര്‍ദേശങ്ങളാണു യോഗം അംഗീകരിച്ചത്.

ഇതനുസരിച്ച് ജൂണ്‍ അഞ്ചു മുതല്‍ ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാവും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കുക. ഓഫിസുകളില്‍ അഴുകുന്നതും അഴുകാത്തതുമായ മാലിന്യം തരംതിരിച്ചു ശേഖരിക്കാന്‍ പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കും. എല്ലാ ജീവനക്കാരും വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള പാത്രങ്ങളില്‍ ഭക്ഷണം കൊണ്ടുവരണം. മെയ് 15നകം ഓഫിസുകളില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കും. ഓഫിസിലുണ്ടാകുന്ന ജൈവമാലിന്യങ്ങളുടെ തോത് അനുസരിച്ചു കമ്പോസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തണം. കമ്പോസ്റ്റിങ് പ്രവര്‍ത്തനം ഉറപ്പാക്കേണ്ടത് ഓഫിസ് മേധാവിയുടെ ഉത്തരവാദിത്തമാണ്. സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പൊതുചടങ്ങുകളില്‍ തുണി ബാനറുകളും ബോര്‍ഡുകളും മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

മേയ് 31നകം ഒരുതവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഒഴിവാക്കി സ്റ്റീല്‍, പോര്‍സലൈന്‍ കപ്പുകളും പ്ലേറ്റുകളും വാങ്ങാനും സര്‍ക്കാര്‍ ഓഫിസുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത ഇടവേളകളില്‍ അജൈവ പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നതിന് ഏജന്‍സികളെയോ, ക്ലീന്‍ കേരള കമ്പനികളെയോ ചുമതലപ്പെടുത്തണം. സ്ഥാപനങ്ങളിലെ ശുചിമുറികള്‍ സ്ത്രീസൗഹൃദമാക്കന്നതിനും നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

KCN

more recommended stories