സൂപ്പര്‍ കപ്പ് കിരീടം ബെംഗളൂരുവിന്

ഭുവനേശ്വര്‍: പ്രഥമ സൂപ്പര്‍ കപ്പ് കിരീടം ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രൊഫഷണല്‍ മുഖമായ ബെംഗളൂരു എഫ്.സി്ക്ക്. ഭുവനേശ്വറില്‍ നടന്ന ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ബെംഗളൂരു കിരീടം ചൂടിയത്. ബെംഗളൂരുവിനായി സുനില്‍ ഛേത്രി ഇരട്ടഗോള്‍ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സമദ് മാലിക് ചുവപ്പ് കാര്‍ഡ് കണ്ടതോടെ രണ്ടാം പകുതിയില്‍ പത്ത് പേരുമായാണ് ഈസ്റ്റ് ബംഗാള്‍ കളിച്ചത്.

28ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളാണ് ആദ്യം ലീഡെടുത്തത്. ഒരു കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു കൊല്‍ക്കത്തന്‍ ടീമിന്റെ ഗോള്‍ വന്നത്. കോര്‍ണര്‍ കിക്ക് ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് തടഞ്ഞെങ്കിലും പന്ത് ചെന്നെതത്തിയത് ഈസ്റ്റ് ബംഗാള്‍ മിഡ്ഫീല്‍ഡര്‍ അന്‍സുമാന ക്രൊമാഹിന്റെ കാലിലായിരുന്നു. ബൈസിക്കിള്‍ കിക്കിലൂടെ ലൈബീരിയിന്‍ താരം പന്ത് വലയിലെത്തിച്ചു.

എന്നാല്‍ 39-ാം മിനിറ്റില്‍ ബെംഗളൂരു ഒപ്പം പിടിച്ചു. ആ ഗോളും കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു. ഹെഡ്ഡറിലൂടെ രാഹുല്‍ ബെക്കെയാണ് ബെംഗളൂരുവിന്റെ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഈസ്റ്റ് ബംഗാള്‍ താരം സമദ് മാലിക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. സമദ് ബെംഗളൂരു താരം സുഭാശിഷിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ബെംഗളൂരു എഫ്.സി കൊല്‍ക്കക്കെതിരെ ആധിപത്യം നേടി. ഈസ്റ്റ് ബംഗാള്‍ താരം ഗുര്‍വീന്ദറിന്റെ ഹാന്‍ഡ് ബോളില്‍ റഫറി ബെംഗളൂരിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത സുനില്‍ ഛേത്രിക്ക് പിഴച്ചില്ല. 2-1. രണ്ടു മിനിറ്റിനുള്ളില്‍ ബെംഗളൂരു വീണ്ടും ലക്ഷ്യം കണ്ടു. വിക്ടര്‍ പെരസിന്റെ പാസ്സില്‍ നിന്ന് മികുവാണ് ലക്ഷ്യം കണ്ടത്.

മത്സരത്തിന്റെ അവസാന മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂര്‍ നാലാം ഗോള്‍ നേടി. മനോഹരമായ റണ്ണിനൊടുവില്‍ ബെക്ക നല്‍കിയ ക്രോസില്‍ ഛേത്രി ലക്ഷ്യം തെറ്റാതെ ഹെഡ്ഡ് ചെയ്യുകയായിരുന്നു.

KCN

more recommended stories