പെരിയ ശ്യാമളാ മണ്ഡപം ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്രം; പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിനൊരുങ്ങി

കാഞ്ഞങ്ങാട്: കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായി പൂര്‍വ്വികര്‍ ആരാധിച്ചിരുന്ന പെരിയ ശ്യാമളാ മണ്ഡപം ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിനൊരുങ്ങി. 25 മുതല്‍ 30 വരെ നടക്കുന്ന മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പെരിയാനം അള്ളറണ്ടയിലാണ് രണ്ട് കോടിയിലധികം രൂപ ചെലവഴിച്ച് ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു വ്യാഴവട്ടക്കാലത്തെ അധ്വാനത്തിനൊടുവിലാണ് അള്ളറണ്ടയില്‍ ക്ഷേത്രം ഉയര്‍ന്നത്.

ബ്രാഹ്മണ സമുദായത്തിലെ ഹൊള്ളര്‍ വിഭാഗക്കാര്‍ താമസിച്ച് ദേവി ഉപാസന നടത്തിയ പ്രദേശത്താണ് ക്ഷേത്രം പണിതിരിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ ഒരേക്കര്‍ 28 സെന്റ് ഭൂമി പെരിയാനത്തെ കല്യാണിയമ്മയും മകന്‍ തമ്പാന്‍ നായരും ദാനമായി നല്‍കിയതാണ്. ക്ഷേത്രസമുച്ചയം നില്‍ക്കുന്ന സ്ഥലത്തിന് ശ്യാമളാമണ്ഡപം എന്ന് പുനര്‍ നാമകരണവും ചെയ്തിട്ടുണ്ട്. പെരിയയിലെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്ര കമ്മിറ്റികളിലെ ഭാരവാഹികളും നാട്ടുകാരും ഉള്‍പ്പെടുന്ന നിര്‍മ്മാണ കമ്മിറ്റിയാണ് ദുര്‍ഗ്ഗാ പരമേശ്വരിക്ഷേത്ര നിര്‍മ്മാണത്തിനായി രംഗത്തിറങ്ങിയത്. തെക്കന്‍ കേരളത്തില്‍ ക്ഷേത്ര നിര്‍മ്മാണമാതൃകയില്‍ 2014ല്‍ വാസ്തു ശാസ്ത്ര വിദഗ്ധന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ടത്. ഒറ്റപ്പാലം മായന്നൂരില്‍ നിന്ന് പണി കഴിപ്പിച്ച ശിലാവിഗ്രഹങ്ങളാണ് പ്രതിഷ്ഠിക്കുന്നത്.

അരവത്ത് കെ.യു.ദാമോദര തന്ത്രിയുടെ കാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠകര്‍മ്മങ്ങള്‍ നടക്കുന്നത്. 25 ന് രാവിലെ 10ന് കലവറ നിറയ്ക്കല്‍ ഘോഷയാത്രയോടെ പ്രതിഷ്ഠാ ഉത്സവത്തിന് തുടക്കമാവും. വൈകിട്ട് നാലിന് പെരിയോക്കി ഗൗരിശങ്കര ക്ഷേത്രത്തില്‍ നിന്നും വിഗ്രഹഘോഷയാത്ര പുറപ്പെടും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും സോവനീര്‍ പ്രകാശനവും

കെ.കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വ്വഹിക്കും. ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ പി.ഗംഗാധരന്‍നായര്‍ അദ്ധ്യക്ഷനാകും. ഇടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി ആശിര്‍വാദ പ്രഭാഷണം നടത്തും. രാത്രി 10 മണിക്ക് പെരിയ ഗാന്ധി സ്മാരക വായനശാല നാടകവേദി അവതരിപ്പിക്കുന്ന നാടകം മഞ്ഞുപെയ്യുന്ന മനസ്സ്, 26ന് രാവിലെ 11ന് പ്രതിഭാ സംഗമം ജില്ലാ കലക്ടര്‍ ജീവന്‍ബാബു ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നടക്കുന്ന ആദ്ധ്യാത്മിക സംഗമം ഡോ.സി.കെ.നാരായണപ്പണിക്കര്‍ ഉദ്ഘാടനം ചെയ്യും. പ്രവീണ്‍ പല്ലേരി മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ടിന് കണ്ണൂര്‍ കളിവെട്ടം അവതരിപ്പിക്കുന്ന ഫോക്ക് ആന്റ് വണ്ടര്‍ പരിപാടിയുമുണ്ടാകും. 27ന് രാവിലെ 10ന് പൂരക്കളി സംഗമം ആര്‍.സി.കരിപ്പത്ത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിനെ ആദരിക്കും. രാത്രി ഏഴിന് നടക്കുന്ന കലാസന്ധ്യ പ്രശസ്ത പിന്നണിഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.

28ന് രാത്രി ഏഴിന് മാതൃസംഗമം. തുടര്‍ന്ന് വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര. 29ന് വൈകിട്ട് നടക്കുന്ന സമാപന സദസ്സ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തും. രാത്രി എട്ടിന് വനിതാ കോല്‍ക്കളി. തുടര്‍ന്ന് നൃത്തനൃത്ത്യങ്ങള്‍, രാത്രി 10 മണിക്ക് തിരുവനന്തപുരം

വൈഗ വിഷന്‍ അവതരിപ്പിക്കുന്ന നാടകം കാളിയമ്മന്‍. 30ന് പ്രതിഷ്ഠ ചടങ്ങുകള്‍ ആരംഭിക്കും. പുലര്‍ച്ചെ 2.26 മുതല്‍ 3.39 വരെയുള്ള മുഹൂര്‍ത്തത്തില്‍ ദേവപ്രതിഷ്ഠ നടക്കും. രാത്രി ഏഴിന് ശ്രീഭൂതബലി എഴുന്നള്ളത്തോടെ ഉല്‍സവം സമാപിക്കും. മഹോത്സവ ദിവസങ്ങളില്‍ അന്നദാനവും ഉണ്ടാകുമെന്ന് ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ പി.ഗംഗാധരന്‍നായര്‍, ജനറല്‍ കണ്‍വീനര്‍ ടി.രാമകൃഷ്ണന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ പ്രമോദ് പെരിയ, മീഡിയ ചെയര്‍മാന്‍ പ്രമോദ് കാലിയടുക്കം എന്നിവര്‍ അറിയിച്ചു

KCN

more recommended stories