ചന്ദ്രഗിരി; മെയ് രണ്ടാം വാരം തിയേറ്ററിലെത്തുന്നു

കാസര്‍കോട് : ഗുരുപൂര്‍ണ്ണിമയുടെ ബാനറില്‍ എന്‍. സുചിത്ര നിര്‍മ്മിച്ച് മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ചന്ദ്രഗിരി എന്ന ചിത്രം മെയ് രണ്ടാം വാരത്തോടെ തിയറ്ററിലെത്തിക്കുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. ഗൃഹനാഥനുശേഷം എന്‍.സുചിത്ര നിര്‍മ്മിക്കുന്ന ചിത്രമാണിത്. കാസര്‍ഗോഡിന്റെ പ്രകൃതിയും സംസ്‌കാരവും കലാരൂപങ്ങളുടെ ഭാഷാവൈവിധ്യവുമെല്ലാം ഒപ്പിയെടുക്കുന്ന ഈ ചിത്രം ആയതുകൊണ്ട് തന്നെ കഥാസത്ത ചോര്‍ന്നു പോകാതിരിക്കാന്‍ കാസര്‍ഗോഡിന്റെ വിവിധഭാഗങ്ങളായ ചീമേനി, ചെറുവത്തൂര്‍, നീലേശ്വരം, കയ്യൂര്‍, കാഞ്ഞങ്ങാട്, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ബിഗ്ബജറ്റ് ചിത്രങ്ങളോടു കടപിടിക്കുന്ന രീതിയിലുള്ള ജനകീയ കൂട്ടായ്മയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലാലിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള ചിത്രത്തില്‍ മലയാള സിനിമയിലെ എഴുപത്തിയെട്ടോളം കലാകാരന്മാരും നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചന്ദ്രഗിരിയെന്ന ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപകനായ രാഘവന്‍മാഷും മകള്‍ ദയയും തമ്മിലുള്ള ആത്മബന്ധവും വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന പട്ടേലരുടെ കുടിപ്പകയും, ചന്ദ്രഗിരി ഗ്രാമത്തെ ചുറ്റിപ്പറ്റിയുണ്ടാകുന്ന രസകരവും സംഭവബഹുലവും ഉദ്യോഗജനകവുമായ കാര്യങ്ങളാണ് സിനിമ കോര്‍ത്തിണക്കി പറഞ്ഞുപോകുന്നത്.

രാഘവന്മാഷായി ലാലും ദയയായി ഷോണും വേഷമിടുന്നു. സുനില്‍ സുഖദ, നന്ദു, കൊച്ചുപ്രേമന്‍, ഹരീഷ് പെരടി, ജയചന്ദ്രന്‍, ഗിരീഷ് കാറമേല്‍, ഹരിജിത്ത് മനോജ്, അരവി ബേക്കല്‍, ഉണ്ണിരാജ, സജിതാ മഠത്തില്‍, മറിമായം മജ്ഞു, നിള, മിത്രാജ്ഞലി തുടങ്ങിയവരാണു മറ്റു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്.

ചന്ദ്രഗിരിയെന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ടെക്‌നീഷ്യന്‍മാരുടെ സജീവ സാന്നിധ്യമാണ്. മലയാള സിനിമയിലെ വര്‍ഷങ്ങളുടെ സമ്പത്തും ജനപ്രിയരുമായ ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മോഹന്‍ കുപ്ലേരിയുടെ സ്വതന്ത്ര സംവിധാനത്തിലുള്ള ഒന്‍പതാമത്തെ ചിത്രമാണിത്. തിരക്കഥ സംഭാഷണം വിനോദ് കുട്ടമത്തിന്റേതാണ്. ഛായാഗ്രഹണം പുലിമുരുകന്‍ ചിത്രത്തിലെ ക്യാമറാമാന്‍ ഷാജി കുമാറാണ്. ഗാനങ്ങള്‍ സത്യനാരായണന്‍ പുളിഞ്ചിത്തായ സംഗീതം ശ്രീ വത്സന്‍ ജെ.മേനോന്‍, പശ്ചാത്തല സംഗീതം ബിജിപാല്‍, സൗണ്ട് ഡിസൈനര്‍ കൃഷ്ണകുമാര്‍, എഡിറ്റിങ്ങ് ഷമീര്‍ മുഹമ്മദ്, കലാ സംവിധാനം ഗിരീഷ് മേനോന്‍, ചമയം പട്ടണം ഷാ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കമലാക്ഷന്‍ പയ്യന്നൂര്‍, മാനേജര്‍ രാജു മടിവയല്‍, നിശ്ചല ഛായാഗ്രഹണം സലീഷ് പെരിങ്ങാട്ടുകര, പി.ആര്‍.ഒ. ബിജു പുത്തൂര്‍.

KCN