ബെംഗളൂരുവിലെ ഈ ബാര്‍ബര്‍ 400 ല്‍ അധികം ആഡംബര കാറുകളുടെ ഉടമ

ഈ ബാര്‍ബറും വ്യത്യസ്തനാണ്. വെറും തലമുടി വെട്ടുകാരനില്‍ നിന്നും കോടികളുടെ ആഡംബര കാറുകള്‍ സ്വന്തമായുള്ള, സൂപ്പര്‍ താരങ്ങള്‍ക്കു വരെ ആ കാറുകള്‍ വാടകക്ക് നല്‍കുന്ന, രമേശ് കുമാറിന്റെ ജീവിതത്തിനു ഒരു സിനിമാകഥയെക്കാളും നാടകീയതയുണ്ട്. സൂര്യവംശം എന്ന തമിഴ് ചിത്രത്തില്‍ ‘നച്ചത്തിര ജന്നലില്‍ വാനമെത്തി പാര്‍ക്ക്തെ’ എന്ന ഒറ്റപ്പാട്ടിലൂടെ ‘ഓ…ഹോ’ എന്ന് വളര്‍ന്ന നായകകഥാപാത്രത്തിനോട് സാമ്യമുണ്ട് രമേശ് കുമാറിന്റെ ജീവിതത്തിനും. ഒറ്റമുറി കടയിലെ തലമുടി വെട്ടുകാരനില്‍ നിന്നും നാനൂറിലധികം വാഹനങ്ങള്‍ സ്വന്തമായുള്ള ഈ മനുഷ്യനോട് ആരാധനയും ബഹുമാനവും തോന്നുക സ്വാഭാവികം മാത്രം, കാരണം അയാള്‍ നേടിയതെല്ലാം സ്വപ്രയത്‌നത്താലാണ്.

സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഐശ്വര്യ റായ് തുടങ്ങി സൂപ്പര്‍ താരങ്ങളും സെലിബ്രിറ്റികളുമൊക്കെയാണ് രമേശിന്റെ പ്രധാന കസ്റ്റമേഴ്‌സ്. എന്നാല്‍ ഇവരെല്ലാം രമേശിന്റെ അടുത്തെത്തുന്നത് മുടിവെട്ടാനല്ല, രമേശിന്റെ കാറുകള്‍ വാടകയ്‌ക്കെടുക്കാനാണ്. ബിഎംഡബ്ല്യു, ജാഗ്വര്‍, ബെന്‍സ്, റോള്‍സ് റോയ്സ് എന്നിങ്ങനെ ആഡംബര കാറുകളുടെ നീണ്ട നിരതന്നെ സ്വന്തമായുണ്ട് ഈ വ്യത്യസ്തനാം ബാര്‍ബര്‍ക്ക്.

ദാരിദ്ര്യത്തില്‍ നിന്ന് അതിസമ്പന്നതയിലേക്ക് പിടിച്ചുകയറിയ രമേശിന്റെ കഥ അത്ഭുതാവഹമാണ്. 1979ല്‍ അച്ഛന്‍ മരിക്കുമ്പോള്‍ രമേശിന് ഏഴു വയസ് പ്രായം. ഭര്‍ത്താവിന്റെ ബാര്‍ബര്‍ ഷോപ്പ് വാടകയ്ക്ക് കൊടുത്തും പല വീടുകളില്‍ ജോലി ചെയ്തുമാണ് രമേശടക്കം മൂന്നു കുട്ടികളെ അമ്മ വളര്‍ത്തിയത്. ഹയര്‍ സെക്കന്ററി കഴിഞ്ഞപ്പോള്‍ രമേശ് കുലത്തൊഴില്‍ ഏറ്റെടുത്തു.

ബാര്‍ബര്‍ ഷോപ്പ് നടത്തുന്നതിനോടൊപ്പം പത്ര വിതരണം, ഫ്ളാറ്റുകളില്‍ പാലും പച്ചക്കറികളുമെത്തിക്കുന്ന ജോലിയൊക്കെ ചെയ്താണ് രമേശിന്റെ ജീവിതം മുന്നോട്ട് പോയത്. 1991 ല്‍ ബ്രിഗേഡ് റോഡിലെ ഈ ഷോപ്പ് ഇന്നര്‍ സ്പേസ് എന്ന പേരില്‍ ട്രെന്‍ഡ് സലൂണായി വികസിപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നഗരത്തിലെ തിരക്കുള്ള ബാര്‍ബര്‍ ഷോപ്പായി മാറി രമേശിന്റെ കട. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വരുക്കൂട്ടി വെച്ച കാശുമായി രമേഷ് ഒരു മാരുതി ഓമ്നി വാങ്ങി. ബാംഗ്ലൂരിലെ ഒരു കമ്പനിക്ക് ഇത് വാടക ഓട്ടത്തിന് നല്കി. രമേശിന്റെ ജീവിതം പിന്നീടങ്ങോട്ട് മാറുകയായിരുന്നു.

2004ല്‍ ആറു കാറുകള്‍ കൂടി രമേശ് സ്വന്തമാക്കി വാടകയ്ക്ക് നല്‍കി. ഉപരിവര്‍ഗത്തിന്റെ യാത്രാ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ലക്ഷ്വറി കാറുകള്‍ സ്വന്തമാക്കി തുടങ്ങിയതോടെയാണ് രമേശ് കോടീശ്വരനായി വളര്‍ന്നത്. 2011ല്‍ മൂന്ന് കോടി രൂപ മുതല്‍ മുടക്കി റോള്‍സ് റോയ്‌സ് സ്വന്തമാക്കി. ഇന്ന് 400 ല്‍ അധികം വാഹനങ്ങളുള്ള രമേഷ് ടൂര്‍ ആന്റ് ട്രാവല്‍സിലെ ഉടമയാണ് അദ്ദേഹം. വാഹനങ്ങളുടെ എണ്ണം കൂടുമ്പോഴും മൂന്നു കോടി രൂപയുടെ വിലയുള്ള റോള്‍സ് റോയ്സ് ഗോസ്റ്റില്‍ സഞ്ചരിക്കുമ്പോഴും രമേശ് ബാബു വന്ന വഴി മറക്കുന്നില്ല. ഇനി ബാംഗ്ലൂരില്‍ ചെന്നാല്‍ ബ്രിഗേഡ് റോഡിലെ ഇന്നര്‍ സ്പേസില്‍ കയറിയാല്‍ രമേശിനെ കാണാം.

KCN

more recommended stories