കര്‍ണാടകയില്‍ ആറു മലയാളികളില്‍ മൂന്നു പേര്‍ക്ക് മിന്നും ജയം

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ആറു മലയാളികളില്‍ മൂന്നു പേര്‍ക്ക് മിന്നും ജയം. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച കെ.ജെ. ജോര്‍ജ്, യു.ടി. ഖാദര്‍, എന്‍.എ. ഹാരിസ് എന്നിവരാണ് സിറ്റിങ് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചു കയറിയത്. അതേസമയം, കര്‍ണാടക പ്രജ്ഞാവന്ത ജനത പാര്‍ട്ടി(കെ.പി.ജെ.പി) സ്ഥാനാര്‍ഥി സെവന്‍രാജും സ്വതന്ത്ര സ്ഥാനാര്‍ഥികളായ അനില്‍കുമാറും ടി.ജെ. അബ്രഹവും പരാജയം രുചിച്ചു.

ബംഗളൂരു അര്‍ബന്‍ ജില്ലയിലെ സര്‍വജ്?ഞ നഗറില്‍ നിന്ന് കെ.ജെ. ജോര്‍ജും ശാന്തിനഗറില്‍ നിന്ന് എന്‍.എ. ഹാരിസും വിജയിച്ചു. 48422 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.ജെ. ജോര്‍ജിന്റെ വിജയം. 18219 വോട്ട് ആണ് എന്‍.എ. ഹാരിസിന്റെ ഭൂരിപക്ഷം. ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരുവില്‍ നിന്ന് 19739 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ടി. ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

മലയാളി ബന്ധമുള്ളവരായ റിയല്‍ എസ്റ്റേറ്റ് വ്യവസായി അനില്‍ കുമാര്‍ ബൊമ്മനഹള്ളിയില്‍ നിന്നും വിവരാവകാശ പ്രവര്‍ത്തകന്‍ ടി.ജെ. അബ്രഹാം ബിദര്‍ ജില്ലയിലെ ബിദര്‍ സൗത്തില്‍ നിന്നും കെ.പി.ജെ.പി സ്ഥാനാര്‍ഥി സെവന്‍രാജ് ശാന്തിനഗറില്‍ നിന്നുമാണ് ജനവിധി തേടിയത്.

കോട്ടയം ചിങ്ങവനം സ്വദേശിയായ മന്ത്രി കെ.ജെ. ജോര്‍ജിന്റെ കുടുംബം ആദ്യം കുടകിലും പിന്നീട് ബംഗളൂരുവിലുമാണ് കഴിഞ്ഞിരുന്നത്. 1989ലെ വീരേന്ദ്രപാട്ടീല്‍ മന്ത്രിസഭയില്‍ ഭക്ഷ്യഗതാഗത മന്ത്രിയായിര?ുന്ന അദ്ദേഹം 1990ല്‍ ബംഗാരപ്പ മന്ത്രിസഭയിലും ഇത്തവണ സിദ്ധരാമയ്യ മന്ത്രിസഭയിലും നഗരവികസന മന്ത്രിയായിരുന്നു. 1985 മുതല്‍ 94 വരെ ഭാരതി നഗര്‍ മണ്ഡലവും 2008 മുതല്‍ സര്‍വജ്ഞനഗറുമാണ് തട്ടകം. 15,000ത്തോളം മലയാളി വോട്ടുള്ള മണ്ഡലമാണിത്.

2004 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ചന്ദ്രഗിരി കീഴൂര്‍ നാലപ്പാട് കുടുംബാംഗമായ എന്‍.എ. മുഹമ്മദിന്റെ മകനാണ് എന്‍.എ. ഹാരിസ്. 2004ല്‍ ശിവാജി നഗറില്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും തോറ്റു. 2008ലും 2013ലും ശാന്തിനഗറില്‍ നിന്ന് ജയിച്ചു കയറി.

ദക്ഷിണ കന്നട ജില്ലയിലെ മലയാളികളുടെ കോട്ടയായ മംഗളൂരുവില്‍ നിന്നാണ് ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി. ഖാദര്‍ ഇത്തവണയും മത്സരിച്ചത്. കാല്‍ നൂറ്റാണ്ടിലേറെയായി മണ്ഡലം (മംഗലാപുരം) മലയാളികളാണ് ഭരിക്കുന്നത്. 1972, 78, 99, 2004 എന്നീ വര്‍ഷങ്ങളില്‍ പിതാവ് യു.ടി. ഫരീദും 2008, 2013 വര്‍ഷങ്ങളില്‍ മകന്‍ യു.ടി. ഖാദറുമാണ് മംഗളൂരുവിനെ പ്രതിനിധാനം ചെയ്യുന്നത്.

കോട്ടയം സ്വദേശിയും മുന്‍ മന്ത്രി ബേബി ജോണിന്റെ ബന്ധുവുമായ ടി.ജെ. അബ്രഹാമിന്റെ മൂന്നാമത്തെ തെരഞ്ഞെടുപ്പ് പോരാട്ടമാണിത്. 2008ല്‍ കെ.ആര്‍. പുരത്തു നിന്ന് ബി.എസ്.പി ടിക്കറ്റില്‍ മത്സരിച്ച അദ്ദേഹം കഴിഞ്ഞ തവണ ബിദര്‍ സൗത്തില്‍ വിവാദ വ്യവസായി അശോക്? ഖേനിക്കെതിരെയായിരുന്നു നിന്നത്?. മൈസൂരു-ബംഗളൂരു അതിവേഗപാതയുടെ നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ഖേനിക്കെതിരെ അബ്രഹാം സുപ്രീംകോടതിയില്‍ നല്‍കിയ കേസ് വിചാരണ ഘട്ടത്തിലാണ്.

കോടീശ്വരനായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനില്‍കുമാര്‍ ആദ്യമായാണ് ജനവിധി തേടിയത്. സ്വതന്ത്രനായി മത്സരിക്കാന്‍ സമര്‍പ്പിച്ച പത്രികയിലെ വിവരപ്രകാരം, റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയായ അനില്‍കുമാറിന്റെയും ഭാര്യയുടെയും ആസ്തി 339 കോടിയാണ്. ബംഗളൂരുവില്‍ ചെറുപ്പത്തില്‍ ചായവിറ്റു നടന്ന് പിന്നീട് റിയല്‍ എസ്‌റ്റേറ്റില്‍ പച്ചപിടിച്ചതാണ് അനിലിന്റെ ജീവിതം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അനില്‍കുമാര്‍ ഇത്തവണ സീറ്റ് കിട്ടാതായതോടെയാണ്? സ്വതന്ത്രനായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്.

ബംഗളൂരുവിലെ റെഡ് ആന്‍ഡ് വൈറ്റ് ഫാമിലി എന്നറിയപ്പെടുന്ന സെവന്‍രാജിന്റെ ശാന്തി നഗറിലേത് കന്നിയങ്കമാ?യിരുന്നു. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ പരേതനായ വി. രാമലിംഗത്തിന്റെയും എസ്. മാധവിയുടെയും മകനാണ് സെവന്‍രാജ്.

KCN

more recommended stories