സംസ്ഥാനത്ത് പുകയില ഉപയോഗം കുറഞ്ഞെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്

തിരുവനന്തപുരം > സംസ്ഥാനത്ത് പുകയില ഉപയോഗത്തില്‍ ഗണ്യമായ കുറവെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്. ഗ്ലോബല്‍ അഡല്‍റ്റ്‌സ് ടുബാക്കോ സര്‍വേയാണ് സംസ്ഥാനത്തെ പുകയില ഉപയോഗം 21.4ല്‍നിന്ന് 12.7 ശതമാനമായി കുറഞ്ഞെന്നു കണ്ടെത്തിയത്. റിപ്പോര്‍ട്ട് മന്ത്രി കെ കെ ശൈലജ ബുധനാഴ്ച പ്രകാശനം ചെയ്തു. 2009ല്‍ നടന്ന ആദ്യ സര്‍വേയില്‍ പുകയില ഉപയോഗം 21.4 ശതമാനമായിരുന്നു. ഇതാണ് ഇപ്പോള്‍ 12.7 ശതമാനമായത്. 15 വയസ്സിനു മുകളിലുള്ളവരുടെ പുകവലി 13.4ല്‍നിന്ന് 9.3 ശതമാനമായി കുറഞ്ഞു.

പുകയില്ലാത്ത ഉല്പന്നങ്ങളുടെ ഉപയോഗം 10.7ല്‍നിന്ന് 5.4 ശതമാനമായി. സിഗററ്റും മുറുക്കാനിലെ പുകയിലയുമാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഉപയോഗിക്കുന്നത്. 6.7 ശതമാനം പേര്‍ സിഗററ്റ് വലിക്കുമ്‌ബോള്‍ 4.4 ശതമാനം പുകയില കൂട്ടി മുറുക്കുന്നവരാണ്.

15- 17 പ്രായപരിധിയില്‍ പുകയില ഉപയോഗത്തില്‍ നേരിയ വര്‍ധനയുണ്ടെന്നും സര്‍വേ കണ്ടെത്തി. ആദ്യസര്‍വേയിലെ 3.1 ല്‍നിന്ന് 3.7 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.
പുകയില ആദ്യമായി ഉപയോഗിക്കുന്നവരുടെ പ്രായം 18.6ല്‍നിന്ന് 20.8 ആയത് ഗുണകരമായ മാറ്റമാണെന്ന് മന്ത്രി പറഞ്ഞു. പരോക്ഷമായി പുകയേല്‍ക്കുന്നവരുടെ എണ്ണം വാസസ്ഥലങ്ങളില്‍ 41.8ല്‍നിന്ന് 16ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞു. പൊതുസ്ഥലത്ത് 18.7ല്‍നിന്ന് 13.7 ആയി കുറഞ്ഞപ്പോള്‍ ജോലിസ്ഥലങ്ങളില്‍ 17.5 ല്‍നിന്ന് 20.8 ശതമാനമായി കൂടി.

79.3 ശതമാനം പുകവലിക്കുന്നവരും 67.2 ശതമാനം പുകയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരും പുകയില ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സിഗററ്റ്, ബീഡി പായ്ക്കറ്റുകളിലെ മുന്നറിയിപ്പ് 85 ശതമാനം പുകയില ഉപയോക്താക്കളെ സ്വാധീനിച്ചെങ്കിലും ശീലം ഉപേക്ഷിക്കാന്‍ കാരണമായിട്ടില്ല. ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി), മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് എന്നിവയുടെ സാങ്കേതിക സഹായത്തോടെ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ വീടുവീടാന്തരമാണ് സര്‍വേ നടത്തിയത്. 2016 ആഗസ്തിനും ഫെബ്രുവരിക്കുമിടയില്‍ 74037 വ്യക്തികളുമായി അഭിമുഖം നടത്തി.

സംസ്ഥാനത്ത് 783 പുരുഷന്മാരും 1403 സ്ത്രീകളും സര്‍വേയില്‍ പങ്കാളികളായി. ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ആര്‍സിസി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍, ഡോ. രാമന്‍കുട്ടി, ഡോ. ബിപിന്‍ ഗോപാല്‍, ഡോ.ബെന്നി, ഭാവന മുഖോപാധ്യായ, പ്രൊഫ. ശിവകാമി എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories