പെട്രോള്‍ പമ്പില്‍ വാക്കുതര്‍ക്കം: യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

തൃശ്ശൂര്‍: പെട്രോള്‍ പമ്പിലുണ്ടായ വാക്കുതര്‍ക്കം വധശ്രമത്തിലേക്കെത്തി. തൃശൂര്‍ കൊടകരയ്ക്കടുത്ത് കോടാലി ശ്രീദുര്‍ഗ പെട്രോള്‍ പമ്പില്‍ വൈകുന്നേരത്തോടെയായിരുന്നു സംഭവം. പെട്രോള്‍ പമ്പിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ച് ചുട്ടു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ മുപ്ലിയം സ്വദേശി ദിലീപിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയും സ്ഥലത്തെ പ്രധാന ഗുണ്ടയുമായ വിനോദ് എന്നയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 2000 രൂപാ നോട്ടുമായി പെട്രോളടിക്കാന്‍ എത്തിയ ദിലീപിന് ബാക്കി ലഭിച്ച തുകയില്‍ കൂടുതലും 10 രൂപാ നോട്ടുകളായിരുന്നു. ഇത് എണ്ണിത്തിട്ടപ്പെടുത്താന്‍ സമയമെടുത്തപ്പോള്‍ പെട്രോളടിക്കാന്‍ പിന്നില്‍ കാത്തു നിന്നിരുന്ന വിനോദുമായി വാക്കു തര്‍ക്കം ഉണ്ടാകുകയും ഇയാള്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ദിലീപിനു മേല്‍ ഒഴിക്കുകയും ലൈറ്റര്‍ കൊണ്ട് കത്തിക്കുകയുമായിരുന്നു.

ശരീരത്തില്‍ തീ പടര്‍ന്ന നിലയില്‍ ദിലീപ് സമീപത്തുള്ള പുഴയിലേയ്ക്ക് ചാടിയതിനാലാണ് ജീവന്‍ നഷ്ടമാകാതിരുന്നത്. ദിലീപിന്റെ ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. പമ്പിലേയ്ക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

KCN

more recommended stories