മക്കയിലും മദീനയിലും തീര്‍ഥാടകര്‍ക്ക് ആശ്വാസമായി സൗജന്യ ഇലക്ട്രിക് സ്‌കൂട്ടറുകള്‍

മക്ക: പുണ്യനഗരികളായ മക്കയിലും മദീനയിലും തീര്‍ഥാടനത്തിനും പ്രാര്‍ഥനയ്ക്കുമായി എത്തുന്ന വൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കും ആശ്വാസമായി സൗജന്യ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സൗദി ഭരണകൂടം പുറത്തിറക്കി. പ്രായമുള്ളവര്‍ക്കു പോലും ആയാസമില്ലാതെ ഉപയോഗിക്കാന്‍ പാകത്തിലുള്ള നാല് ടയറുകളുള്ള സ്‌കൂട്ടറുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള 9000ത്തോളം സ്‌കൂട്ടറുകളാണ് മക്കയിലും മദീനയിലുമായി പുറത്തിറക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് ദി ഗ്രാന്‍ഡ് മോസ്‌ക് അധികൃതര്‍ വ്യക്തമാക്കി.

ഇവയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും നോക്കി നടത്താനും സ്‌കൂട്ടറുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനുമായി പ്രത്യേക വിഭാഗത്തെയും തയ്യാറാക്കിയിട്ടുണ്ട്. വീല്‍ചെയര്‍ സേവനം ലഭ്യമാക്കുന്നവര്‍ പലപ്പോഴും തീര്‍ഥാകരില്‍ നിന്ന് വന്‍തുക സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ നിന്ന് വലിയ ആശ്വാസമാവും പുതിയ സൗജന്യ സ്‌കൂട്ടര്‍ സര്‍വീസ് തീര്‍ഥാടകര്‍ക്ക് ലഭിക്കുക.

സ്‌കൂട്ടറുകളുടെ കാര്യം നോക്കി നടത്താനായി 168 തൊഴിലാളികളെ ഏര്‍പ്പെടുത്തിയതായി മൊബിലിറ്റി സര്‍വ്വീസ് ഡയറക്ടര്‍ സാലിഹ് മുഹമ്മദ് ഹുസാവി പറഞ്ഞു. ഹറം പള്ളിയുടെ വിവിധ കവാടങ്ങളില്‍ നിന്ന് തന്നെ ആവശ്യക്കാര്‍ക്കു എടുക്കാവുന്ന രീതിയിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. കിഴക്ക്, തെക്ക് പ്ലാസകള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള സ്‌കൂട്ടറുകള്‍ കിംഗ് അബ്ദുല്‍ അസീസ് ഗേറ്റിലും വടക്കന്‍ പ്ലാസ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് ഗേറ്റ് നമ്ബര്‍ 64ലും കിഴക്കന്‍ പ്ലാസകളില്‍ നിന്നുള്ളവര്‍ക്ക് അല്‍ സലാം ഗേറ്റിലും സ്‌കൂട്ടറുകള്‍ ലഭിക്കും.

പുണ്യ ഭൂമിയില്‍ സൗജന്യ സ്‌കൂട്ടര്‍ യാത്രക്ക് വിവിധയിടങ്ങളില്‍ ചെക്ക് പോയന്റുകള്‍ ഏര്‍പ്പെടുത്തുമെന്നും വിവിധയിടങ്ങളില്‍ പള്ളിയുടെ പരിസങ്ങളിലേക്ക് കടക്കാന്‍ കവാടങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂട്ടറുകള്‍ മറ്റ് തീര്‍ഥാടകരുടെ സഞ്ചാരം തടസ്സപ്പെടുത്താതിരിക്കുന്നതിന് സുരക്ഷാ സേനയുമായി സഹകരിച്ചു പ്രത്യേക സംവിധാനം ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു.

KCN

more recommended stories