പുതിയകോട്ട അണിഞ്ഞാരുങ്ങുന്നു സഞ്ചാരികളെ മാടി വിളിക്കാന്‍

കാഞ്ഞങ്ങാട്: നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്നതും കാലക്രമത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഹൊസ്ദുര്‍ഗ് കോട്ട (പുതിയകോട്ട) സഞ്ചാരികള്‍ക്കായി അണിഞ്ഞൊരുങ്ങുന്നു. കാട് മൂടിയും കൊത്തളങ്ങളും കോട്ടമതിലുകളും തകര്‍ന്നുവീണും നാശോന്മുഖമായ കോട്ട നവീകരിക്കാന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് പ്രത്യേക നിര്‍ദ്ദേശം നല്‍കിയത്.

ആറേകാല്‍ ഏക്കറോളം വിസ്തൃതിയുള്ള ഹൊസ്ദുര്‍ഗ് കോട്ടയുടെ നവീകരണത്തിന്റെ ഒന്നാംഘട്ടമായി 30.05 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് നടത്തുന്നത്. കോട്ടയുടെ മൂന്ന് കൊത്തളങ്ങളാണ് ആദ്യമായി നവീകരിക്കുക. ആദ്യം കോട്ട മൂടിക്കിടക്കുന്ന കാടുകള്‍ വൃത്തിയാക്കും. കിഴക്കുഭാഗത്തുള്ള കൊത്തളത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. തകര്‍ന്നുവീണ ഭാഗങ്ങള്‍ ചെങ്കല്ലും സിമന്റും ചേര്‍ന്ന മിശ്രിതം കൊണ്ടാണ് പുതുക്കി പണിയുന്നത്. ഇത് നവീകരിച്ച ശേഷം ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കുള്ള ഇരിപ്പിടവും എല്‍ഇഡി ലൈറ്റുകളും ശുചിമുറിയും നിര്‍മ്മിക്കും. കോട്ടക്ക് കാവലായി ഒരു വാച്ച്മാനെയും നിയമിക്കും. വാച്ച്മാന് താമസിക്കാനായി സെക്യൂരിറ്റി റൂമും പണിയും.

ഇതോടെ സഞ്ചാരികള്‍ എത്തും മുറക്ക് തദ്ദേശ ഭരണകൂടങ്ങളും സര്‍ക്കാരും വിവിധ സ്ഥാപനങ്ങളുമായും സഹകരിച്ച് കൂടുതല്‍ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് പുരാവസ്തുഗവേഷണ വകുപ്പ് അസി.എഞ്ചിനീയര്‍ എസ് ഭൂപേഷ് മലബാര്‍ വാര്‍ത്തയോട് പറഞ്ഞു. 186ല്‍ ഇക്കേരി രാജാവായിരുന്ന സോമപ്പനായക്കാണ് ഈ കോട്ട നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. രാജകീയപ്രതാപം വെളിപ്പെടുത്തുന്നതാണ് കോട്ടയിലെ ഭീമാകരങ്ങളായ വട്ടത്തൂണ്‍ കൊത്തളങ്ങള്‍. സ്വയരക്ഷ ഉദ്ദേശിച്ചാണ് കോട്ട പണിതതെന്നു വെളിപ്പെടുത്താനുതകുന്ന തെളിവാണിതെന്നും ഒരഭിപ്രായമുണ്ട്. ഇക്കേരി സേനാപതി സൂറപ്പ നായ്ക്ക് നീലേശ്വരം രാജ്യം ആക്രമിച്ചപ്പോള്‍ ഈ കോട്ടയിലാണ് താവളമുറപ്പിച്ചതെന്നും പറയുന്നു.
കോട്ട നവീകരിക്കുന്നതോടെ അനുബന്ധമായുള്ള പൂങ്കാവനം ക്ഷേത്രം, നിത്യാനന്ദ കോട്ട എന്നിവയെക്കൂടി ഉള്‍പ്പെടുത്തി ആത്മീയ, വിനോദ സഞ്ചാരം വിപുലപ്പെടുത്താമെന്നാണ് പുരാവസ്തു വകുപ്പ് കരുതുന്നത്.

KCN

more recommended stories