ഒരു കുടക്കീഴില്‍ നിരവധി സേവനങ്ങള്‍ നല്‍കി കാസര്‍കോട് പെരുമ സമാപിച്ചു

കാഞ്ഞങ്ങാട് : ”അറിയാത്ത ഒരുപാട് കാര്യങ്ങള്‍ പെരുമയിലൂടെ അറിഞ്ഞു. സര്‍ക്കാര്‍ ചെയ്യുന്ന സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഇങ്ങനെ ഒരുമിപ്പിച്ചുകൊണ്ടുവന്നത് പുതിയൊരു അനുഭവമാണ്. ഇനിയും ഇതുപോലുള്ള മേളകള്‍ ആവശ്യമാണ്”-അലാമപ്പള്ളിയില്‍ നിന്നുള്ള ശ്രീജിത്ത് പറയുന്നു. കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടന്ന കാസര്‍കോട് പെരുമ സമാപിക്കുമ്പോള്‍ മേള സന്ദര്‍ശിച്ച ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായവും ഇതുതന്നെയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ നേട്ടങ്ങളെ ജില്ലയ്ക്ക് മുമ്പാകെ അതരിപ്പിച്ചും വിവിധ സേവനങ്ങള്‍ ഒരുമിച്ചുനല്‍കിയും ഏഴുദിനരാത്രങ്ങള്‍ നീണ്ട കാസര്‍കോട് ‘പെരുമ’ സമാപിച്ചു. സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ ജില്ലയ്ക്കുമുമ്പാകെ അവതരിപ്പിക്കുന്നതായിരുന്നു ഉല്‍പന്ന പ്രദര്‍ശന വിപണ സേവന സാംസ്‌ക്കാരിക മേള. എല്ലാം ശരിയാകുമെന്നത് വെറും വാക്കല്ലെന്നും ജനങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള ഭരണം മാറ്റങ്ങളുടെ വിളംബരമാകുമെന്നും വിളിച്ചോതുന്നതുകൂടിയായിരുന്നു പെരുമ.

സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റ ഭാഗമായി സംഘടിപ്പിച്ച മേളയിലെ എല്ലാ സ്റ്റാളുകളും ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മേലുള്ള വിശ്വാസത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ഉദാഹരണമാണ്. പലതരം പകര്‍ച്ചവ്യാധികള്‍ പടരുന്ന ഇക്കാലത്ത് ഇത്തരം സ്റ്റാളുകളില്‍ നിന്ന് ലഭിക്കുന്ന ബോധവല്‍ക്കരണം നന്നേ ഉപകരിക്കും- നീശ്വേരത്തുനിന്നുള്ള സന്ദര്‍ശകയായ ഗംഗ പറയുന്നു. പോലീസ് വകുപ്പിന്റെ സ്റ്റാള്‍ സന്ദര്‍ശിച്ച ഒരുപാടുപേര്‍ സ്ത്രീ സുരക്ഷ പരിശീലന ക്യാമ്പ് തങ്ങളുടെ ഗ്രാമത്തിലും നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. ലഹരിക്കെതിരെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കിയ ബോധവല്‍ക്കരണം ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായിമായിരുന്നു.

കാഞ്ഞങ്ങാട് നഗരവും ജില്ലയും സമീപകാലത്ത് അനുഭവിച്ചറിഞ്ഞ ഏറ്റവും ജനത്തിരക്കേറിയ മേള പതിനായിരക്കണക്കിന് ആളുകളാണ് സന്ദര്‍ശിച്ചത്. ആയിരക്കണക്കിനാളുകള്‍ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. രണ്ടുവയസുകാരന്‍ ആദിനാഥ് മുതല്‍ ഭീമനടിയില്‍ നിന്നുള്ള 97 വയസുകാരി ത്രേസ്യാമ്മ വരെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു.

കാസര്‍കോട് പെരുമയുടെ സമാപന സമ്മേളനം ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ആര്‍ഡിഒ സി.ബിജു സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ സ്വാഗതവും അസി.എഡിറ്റര്‍ ശ്രീകാന്ത് എം ഗിരിനാഥ് നന്ദിയും പറഞ്ഞു. പെരുമയില്‍ പങ്കെടുത്ത 104 സ്റ്റാളുകളില്‍ മികച്ച സ്റ്റാളായി ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി വകുപ്പിന്റെ സ്റ്റാളിനെ തെരഞ്ഞെടുത്തു. രണ്ടാം സമ്മാനം കേരളാ പോലീസ് വകുപ്പിന്റെ സ്റ്റാളിന് ലഭിച്ചു. വിജയികള്‍ക്കുളള സമ്മാനം ജില്ലാ കലക്ടറും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനും ചേര്‍ന്ന് വിതരണം ചെയ്തു.

KCN

more recommended stories