ബേക്കല്‍ ബീച്ചില്‍ കുഞ്ഞു ശില്പികളെത്തി; 10 അടിയില്‍ കൂടുതല്‍ ഉയരമുള്ള ശില്‍പങ്ങളുടെ നിര്‍മ്മാണ ലക്ഷ്യവുമായി

കാഞ്ഞങ്ങാട് : പതിന്നാലുകാരനായ എം.വി ചിത്രരാജും പതിമൂന്നുകാരിയായ കെ.എം രേവതിയും ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ശില്‍പ നിര്‍മ്മാണം ആരംഭിച്ചു. തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച കെ.കുഞ്ഞിരാമന്‍ എംഎല്‍എ ബാലശില്‍പികളെ ആശീര്‍വദിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ബി.ആര്‍.ഡി.സി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടപ്പിലാക്കുന്ന 400 മീറ്റര്‍ നീളത്തിലുള്ള ‘ആര്‍ട്ട് വോക്ക്’ പദ്ധതിയുടെ ഭാഗമായാണ് 18 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ശില്‍പ നിര്‍മ്മാണത്തിന് അവസരമൊരുങ്ങിയത്. 12 വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചിരുന്നത്. ഇവരില്‍ നിന്നും പ്രശസ്ത ചിത്ര ചരിത്രകാരന്‍ കെ. കെ. മാരാര്‍, കാലടി ശങ്കരാചാര്യ സര്‍വ്വകലാശാല ശില്‍പ വിഭാഗം മുന്‍ മേധാവി ഡോ. ടി.ജി. ജ്യോതിലാല്‍ എന്നിവരടങ്ങുന്ന പാനലാണ് ഇന്റര്‍വ്യൂ നടത്തി ശില്‍പികളെ തെരഞ്ഞെടുത്തത്.

പത്തടി ഉയരമുള്ള ഒരു ശില്‍പം പതിനെട്ട് വയസ്സിന് താഴെയുള്ള ഒരു കുട്ടി നിര്‍മ്മിക്കുക എന്നത് അത്യപൂര്‍വ്വമാണെന്നും, ഇത് എല്ലാ വിദ്യാര്‍ത്ഥികളുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഉതകുമെന്നും കെ.കെ മാരാര്‍ പറഞ്ഞു. ‘കുട്ടികളുടെ ശില്‍പങ്ങളില്‍ അവരുടേതായ കുട്ടിത്തം പലപ്പോഴും വരാറുണ്ട്. അത് മുതിര്‍ന്നവരെ പോലും ആകര്‍ഷിക്കുന്നതുമാണ്. കുട്ടികളുടെ ശില്‍പം എന്നതുകൊണ്ട് ചെറുതായി കാണാനാവില്ല. മത്തിയാസിനെപ്പോലെ വിശ്വപ്രസിദ്ധരായ പലരും കുട്ടികളുടെ രചനകള്‍ മാതൃകയാക്കിയിട്ടുണ്ട്. ബേക്കല്‍ കടല്‍തീരത്ത് ബി.ആര്‍.ഡി.സി നടപ്പിലാക്കുന്ന ‘ആര്‍ട്ട് വോക്ക്’ എന്ന കണ്‍സപ്റ്റ് തന്നെ വിനോദസഞ്ചാര മേഖലയിലെ സൗന്ദര്യവല്‍ക്കരണ-വികസന സങ്കല്‍പ്പങ്ങള്‍ക്ക് ഒരു പുതിയ പാത തുറക്കലാണ്. മറ്റു കലാസൃഷ്ടികളോടൊപ്പം കുട്ടികളുടെ സൃഷ്ടികള്‍ കൂടി ഉണ്ടാകുന്നത് ‘ആര്‍ട്ട് വോക്ക്’ സങ്കല്‍പത്തിന് പൂര്‍ണ്ണത കൈവരുത്താന്‍ സാധിക്കും’. കെ.കെ മാരാര്‍ തുടര്‍ന്നു.

കേരളത്തില്‍ ആദ്യമായാണ് 18 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന പൊതുയിട ശില്‍പങ്ങള്‍ (ജൗയഹശര ടരൗഹുൗേൃല)െ ഒരുങ്ങുന്നതെന്ന് ഡോ. ടി.ജി. ജ്യോതിലാല്‍ പറഞ്ഞു. ‘ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ശില്‍പകലാ വിദ്യാര്‍ത്ഥികള്‍ ഈ സംരംഭത്തിന് മുതിരുന്നതിലൂടെ വലിയ സാധ്യതകള്‍ ആണ് കലാലോകത്തിന് മുന്നില്‍ തുറന്നിടുന്നത്. കേരളത്തിലെ സ്‌കൂളുകളിലോ കോളേജുകളിലോ ശില്‍പ നിര്‍മ്മാണം പാഠ്യവിഷയമല്ല. ഫൈന്‍ആര്‍ട്‌സ് കോളേജുകളില്‍ മാത്രമാണ് അവസരമുള്ളത്. ബി.ആര്‍.ഡി.സിയുടെ ‘ആര്‍ട്ട് വോക്ക്’ പദ്ധതി സമകാലീന ചിത്രശില്‍പകലയുടെ അവബോധം വളര്‍ത്തുന്നതിനും പൂതിയ ദൃശ്യസംസ്‌കാരം രൂപപ്പെടുന്നതിനും പ്രയോജനപ്പെടും’. ജ്യോതിലാല്‍ കൂട്ടിച്ചേര്‍ത്തു.

2014-15-ല്‍ ശില്‍പകലയില്‍ ഭാരത സര്‍ക്കാരിന്റെ ടാലന്റ് റിസെര്‍ച്ച് അവാര്‍ഡിന് അര്‍ഹനായ ബാലശില്‍പിയാണ് ചിത്രരാജ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പന്ത്രണ്ടായിരത്തോളം അപേക്ഷകരില്‍ നിന്ന് ആറ് വിദ്യാര്‍ത്ഥികളെയായിരുന്നു അവാര്‍ഡിന് തെരഞ്ഞെടുത്തത്. 2018 ലെ ദേശീയ സാംസ്‌കാരികോത്സവത്തിലേക്ക് ശില്‍പകലയില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക ബാലശില്‍പിയാണ്. പറയിപെറ്റ പന്തിരുകുലം, അമ്മയും കുഞ്ഞും, ഗാന്ധിജി, ബുദ്ധന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ ശില്‍പങ്ങള്‍ ചെയ്തിട്ടുണ്ട്. ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഗവ. ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ത്ഥിയായ ചിത്രരാജ് മൂന്നാം വയസ്സിലാണ് ശില്‍പ നിര്‍മ്മാണ പഠനം തുടങ്ങിയത്. ആറാം ക്ലാസ്സ് മുതല്‍ സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ ഒന്നാമനായി തുടര്‍ന്നു. ചെറുവത്തൂര്‍ തിമിരിയാണ് സ്വദേശം.

കാസറഗോഡ് ജില്ലയിലെ കൊടക്കാട് ഒറോട്ടച്ചാല്‍ ഹരിജന്‍ കോളനി നിവാസിയായ കെ.എം. രേവതി 2016-17ല്‍ ശില്‍പകലയില്‍ ഭാരത സര്‍ക്കാര്‍ ടാലന്റ് റിസേര്‍ച്ച് അവാര്‍ഡിന് അര്‍ഹത നേടിയ ഇന്ത്യയിലെ 5 വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്. ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദന്‍, രവീന്ദ്രനാഥ ടാഗോര്‍, ഡോ. ബി.ആര്‍. അംബേദ്കര്‍ തുടങ്ങിയ ശില്‍പങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കൊടക്കാട് കെ.എം.വി.എച്ച്. എസ്് സ്‌കൂളില്‍ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. നാലാം ക്ലാസ്സ് മുതലാണ് ശില്‍പ നിര്‍മ്മാണ പരിശീലനം തുടങ്ങിയത്.

15 അടി ഉയരമുള്ള ശില്‍പം നിര്‍മ്മിക്കുകയാണ് ചിത്രരാജിന്റെ ലക്ഷ്യം, രേവതിയുടേത് 10 അടി ശില്‍പവും. ഓരോ സംഘത്തിലും സഹായികളടക്കം ഏഴുപേര്‍ വീതമായി 14 ശില്‍പകലാ വിദ്യാര്‍ത്ഥികളാണുള്ളത്. ഇവരില്‍ എട്ട് പേര്‍ ആണ്‍കുട്ടികളും ആറ് പേര്‍ പെണ്‍കുട്ടികളുമാണ്. ബേക്കല്‍ ബീച്ചില്‍ ക്യാമ്പ് ചെയ്താണ് ഇവര്‍ ശില്‍പങ്ങള്‍ നിര്‍മ്മിക്കുന്നത്. ഒരു മാസം കൊണ്ട് രണ്ട് ശില്‍പങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

KCN