ചെങ്കൊടിയേന്തി ചെങ്ങന്നൂര്‍; എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ചു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ വിജയം. 20,956 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് സജി ചെറിയാന്‍ വിജയം കുറിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ നേടിയ വിജയം എല്‍ഡിഎഫിനും സര്‍ക്കാരിനും വന്‍ഊര്‍ജ്ജം പകരുന്നതാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ ലഭിച്ചിരിക്കുന്ന മധുരതരമായ സമ്മാനമാണ് ചെങ്ങന്നൂരിലെ വിജയം. അതേസമയം വിജയം പ്രതീക്ഷിച്ച യുഡിഎഫിനും എന്‍ഡിഎയ്ക്കും കനത്ത നിരാശ സമ്മാനിക്കുന്നതാണ് ഫലം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 67,303 ഉം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് 46,347 ഉം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് 35,270 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തവണ 7,000 ല്‍ പരം വോട്ടുകള്‍ക്ക് കെകെ രാമചന്ദ്രന്‍ നായര്‍ വിജയിച്ച മണ്ഡലമാണ് സജി ചെറിയാന്‍ 20,000 ല്‍ പരം വോട്ടുകള്‍ക്ക് നിലനിര്‍ത്തിയിരിക്കുന്നത്. രാമചന്ദ്രന്‍ നായരുടെ അകാലവിയോഗത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

പത്ത് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും വ്യക്തമായ ലീഡാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ലഭിച്ചത്. മുളക്കുഴ പഞ്ചായത്തിലാണ് എല്‍ഡിഎഫിന് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ചത്. 3,637 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ ലഭിച്ചത്. ഏറ്റവും കുറവ് തിരുവന്‍വണ്ടൂരിലും, പത്ത് വോട്ടുകളുടെ ഭൂരിപക്ഷം. വെണ്‍മണി പഞ്ചായത്തില്‍ 3,203 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ഭൂരിപക്ഷം ആയിരത്തില്‍ കുറഞ്ഞത് രണ്ട് പഞ്ചായത്തുകളില്‍ മാത്രം. പാണ്ടനാട് (498), ആല (866), പുലിയൂര്‍ (637) എന്നിവയാണവ. ചെങ്ങന്നൂര്‍ നഗരസഭയില്‍ 753 വോട്ടുകളുടെ മേല്‍ക്കൈയാണ് ലഭിച്ചത്. മറ്റ് നാല് പഞ്ചായത്തുകളിലും 2000 ന് മേല്‍ ലീഡ് ലഭിച്ചു. മാന്നാര്‍ (2,629), ബുധനൂര്‍ (2,646), ചെന്നിത്തല (2,353), ചെറിയനാട് (2,485).

യുഡിഎഫും എന്‍ഡിഎയും തകര്‍ന്നടിഞ്ഞ കാഴ്ചയാണ് ഉപതെരഞ്ഞെടുപ്പില്‍ കണ്ടത്. യുഡിഎഫിന്റെ കോട്ടകളില്‍ പോലും എല്‍ഡിഎഫ് വന്‍ഭൂരിപക്ഷം കരസ്ഥമാക്കി. 2016 ല്‍ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കോണ്‍ഗ്രസിനും യുഡിഎഫിനും കണക്കുകൂട്ടലുകള്‍ തെറ്റി. കഴിഞ്ഞ തവണ ഏഴായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് തോറ്റതെങ്കില്‍ ഇപ്പോള്‍ പരാജയഭാരം 20,000 ല്‍പരം ആയിരിക്കുന്നു. അത്ഭുത വിജയം പ്രതീക്ഷിച്ച ബിജെപിക്കും വന്‍ തിരിച്ചടിയാണ് നേരിട്ടത്. 2016 ല്‍ നേടിയ വോട്ടുകള്‍ നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ല. അന്ന് 42,000 ല്‍പരം വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ ലഭിച്ചത് 35, 270 വോട്ടുകള്‍ മാത്രം. ഏഴായിരത്തോളം വോട്ടുകളുടെ കുറവാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.

KCN

more recommended stories